land-mafia
1

കൊടുങ്ങല്ലൂർ: ഭൂമി തരപ്പെടുത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് ഭൂമാഫിയ സംഘം സാധാരണക്കാരിൽ നിന്നും പണം തട്ടുന്നതായി ആക്ഷേപം. ഇത്തരത്തിൽ ലക്ഷങ്ങൾ കബളിപ്പിക്കപ്പെട്ടവർ നിരവധി. കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ഭൂമി ചൂണ്ടിക്കാട്ടി ഭൂമാഫിയ മുൻകൂറായി ലക്ഷങ്ങൾ വാങ്ങിക്കുന്നെന്നാണ് പരാതി. ഒരേ ഭൂമി പലർക്കും ചൂണ്ടിക്കാട്ടിയാണ് പലരിൽ നിന്നായി പണം മുൻകൂർ വാങ്ങുന്നത്. ഒട്ടേറെപേർ ഇങ്ങനെ തട്ടിപ്പിന്നിരയായതായി പറയപ്പെടുന്നു. ഒരു ഭൂമി കാണിച്ചുകൊടുത്ത് അത് വാങ്ങിത്തരാം എന്ന് പറഞ്ഞ് അഡ്വാൻസിനത്തിൽ പണം വാങ്ങുകയും കരാർ എഴുതുകയും പിന്നീട് ഇവർ ബന്ധപ്പെടാതിരിക്കുകയുമാണ് ചെയ്യുന്നത്. പലരെയും ഭീഷണിപ്പെടുത്തുകയും കൊടുത്ത ചെക്കുകളും കരാറുകളും തിരിച്ച് വാങ്ങുകയും ചെയ്യും. കബളിപ്പിക്കപ്പെട്ട പലരും വിവരം പുറത്തു പറയുന്നില്ല. എറിയാട് താമസക്കാരനായ ഒരു ഭൂമാഫിയ സംഘമാണ് ഇതിന് നേതൃത്വം കൊടുക്കുന്നതത്രെ. ഇതിനെതിരെ ഭൂമിക്കച്ചവടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട കബിളിപ്പിക്കപ്പെട്ടവരുടെ യോഗം കൊടുങ്ങല്ലൂർ മിനി ടൂറിസ്റ്റ് ഹോമിൽ ചേർന്ന് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. കോടിക്കണക്കിന് രൂപ സാധാരണക്കാരിൽ നിന്നും തട്ടിയെടുക്കുന്ന ഈ ഭൂമാഫിയയെ പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും പണം തിരിച്ചു കിട്ടാൻ നടപടി സ്വീകരിക്കണമെന്നും ജനകീയ കൂട്ടായ്മ പൊലീസ് അധികൃതരോട് അഭ്യർത്ഥിച്ചു. ഭാരവാഹികളായി പി.കെ. മുരളി, ഇ.എം. സിദ്ദിഖ് എന്നിവരെ തിരഞ്ഞെടുത്തു. പൊലീസിന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.