chruparanjanikkunnuroad

വിതുര: തൊളിക്കോട് പഞ്ചായത്തിലെ ചായം ചാരുപാറ പ്രധാനറോഡിൽ നിന്നും ചാരുപാറ ഞാനിക്കുന്ന് വഴി ചായം അരുവിക്കരമൂലയിലേക്ക് പോകുന്ന റോഡിന് പറയാനുള്ളത് അവഗണനയുടെ കഥകൾ മാത്രം. റോഡിന്റെ കുറച്ചുഭാഗം ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും ശേഷിച്ച ഭാഗം മുഴുവൻ മൺപാതയാണ്. സഞ്ചാരയോഗ്യമായ റോഡിനായി ജനം മുറവിളികൂട്ടാൻ തുടങ്ങിയിട്ട് നാല്പത് വർഷത്തോളമായി. വിദ്യാർത്ഥികളടക്കം നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന റോഡിലൂടെയുള്ള യാത്ര അത്രയും അപകടം നിറഞ്ഞതാണ്. ചായം അരുവിക്കരമൂല ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം, ചായംശ്രീഭദ്രകാളിക്ഷേത്രം എന്നിവിടങ്ങളിലെത്താനുള്ള റോഡ് കൂടിയാണിത്.

 പരാതിനൽകി മടുത്തു

തകർന്നുകിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി നിവേദനങ്ങൾ നൽകി നാട്ടുകാർ മടുത്തു. ടാറിംഗ് നടത്തിയില്ലെങ്കിൽ കോൺക്രീറ്റെങ്കിലും ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. പ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിക്കും എം.പി.ക്കും എം.എൽ.എക്കും, ജില്ലാപഞ്ചായത്ത് പ്രസിഡന്റിനും വരെ നാട്ടുകാർ നിവേദനം നൽകി. വിതുര പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷനും വിവിധരാഷ്ട്രീയകക്ഷികളും പരാതി നൽകിയിരുന്നു.

 സ്ഥലം നൽകാനും തയാർ

റോഡിന് വേണ്ടത്ര വീതിയില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കിയതോടെ സ്ഥലം വരെ വിട്ടുനൽകാൻ നാട്ടുകാർ തയാറായിരുന്നു. എന്നിട്ടും റോഡ് നിർമ്മാണം നീളുകയാണ്. ഉടൻ ഫണ്ട് അനുവദിച്ച് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.