തിരുവനന്തപുരം: പേട്ട മുതൽ ഒരുവാതിൽകോട്ട വരെയുള്ള റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് ഫണ്ട് ബോർഡിന്റെ ഓടനിർമ്മാണം അശാസ്ത്രീയമായ രീതിയിലാണെന്ന് ആക്ഷേപം. അഞ്ചു കിലോമീറ്റർ ദൂരമുള്ള ഈ റോ‌ഡിൽ നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാതെയാണ് ഓട നിർമ്മിക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഓടയുടെ അഞ്ച് മീറ്റർ ഇടവിട്ട് വെള്ളം ഭൂമിയിൽ താഴ്ന്ന് ഇറങ്ങാനുള്ള ചെറിയ കുഴികളെടുത്താണ് ഓടയുടെ നിർമ്മാണം. ഇത് പ്രായോഗികമല്ലെന്നാണ് ആക്ഷേപം. ഓടകളെ ഡ്രെയിനേജ് ലൈനുകളുമായും ബന്ധിപ്പിക്കുന്നില്ല. കുഴികളിൽ വെള്ളം കെട്ടിനിന്ന് കൊതുകും മറ്റും പെരുകി പകർച്ചവ്യാധികളുണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു. അതേസമയം,​ ഓടയിൽ നിന്നുള്ള വെള്ളം എൻ.എച്ച് റോഡുകളിലെ ഓടയിലേക്കും ആമയിഴഞ്ചാൻ തോട്ടിലേക്ക് ഒഴുക്കുമെന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു.