
വർക്കല: ചെറുന്നിയൂർ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഠനമുറികളും ഡൈനിംഗ് ഹാളും കഞ്ഞിപ്പുരയും സ്റ്റോർ റൂമും ടോയ്‌ലെറ്റുകളും ഉൾപ്പെടെ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. മുൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നിർമ്മിച്ച സ്കൂൾ ഓഡിറ്റോറിയം സൗകര്യക്കുറവുള്ളതിനാൽ പൊളിച്ചു മാറ്റിക്കൊണ്ടാണ് പുതിയ കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കിയത്.
ഇതിനോടൊപ്പം കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് ഓഡിറ്റോറിയം നിർമ്മിക്കാനും പദ്ധതി രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതിനായി നബാർഡിൽ നിന്ന് രണ്ട് കോടി രൂപ ഫണ്ട് അനുവദിച്ച് നിർമ്മാണം ആരംഭിച്ചെങ്കിലും നിർമ്മാണ പ്രവർത്തനം ഏറ്റെടുത്ത കോൺട്രാക്ടർ മരിച്ചതോടെ പണി പൂർണമായും നിലച്ചു. 2020ൽ റീ ടെൻഡർ പ്രകാരം 1കോടി 63ലക്ഷം രൂപയ്ക്ക് പുതിയ കോൺട്രാക്ടർ പണി ഏറ്റെടുത്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി.
അവഗണ തുടരുന്നു
പുതിയ അദ്ധ്യായനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പൂർവ വിദ്യാർത്ഥികളും ചേർന്ന് ഫെബ്രുവരിയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. എം.എൽ.എ സർവകക്ഷിയോഗം വിളിച്ചു നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
സ്‌കൂളിനോടുള്ള അവഗണനക്കെതിരെ ചെറുന്നുയൂർ, ദളവാപുരം റസിഡന്റ്സ് അസോസിയേഷനുകൾ കഴിഞ്ഞദിവസം പ്രതിഷേധ ജാഥ നടത്തി. 400ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ നിലവിൽ രണ്ട് ടോയ്‌ലെറ്റുകൾ മാത്രമാണുള്ളത്. ഇതുസംബന്ധിച്ച് മന്ത്രി, ഡി.ഡി.ഇ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല.
പരാതികൾ ഏറെ
ക്ലാസ് റൂമിന്റെ ഉയരത്തിൽ പാലിക്കപ്പെടേണ്ട അളവിലല്ല നിർമ്മാണമെന്നും മുകളിലത്തെ നിലയിലേക്കുള്ള പടികൾ പ്ലാനിൽ നിന്ന് അപ്രത്യക്ഷമായെന്നും ബീമുകൾക്ക് വലിപ്പം കുറവാണെന്നും ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറയുന്നു. ഒ.എസ്. അംബിക എം.എൽ.എ ഇടപെട്ട് നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥർ വീഴ്ച സമ്മതിച്ചതായും മന്ത്രിതല ചർച്ച വേണമെന്നാവശ്യപ്പെട്ടിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. നിലവിലെ നിർമ്മാണപ്രവർത്തനങ്ങളിൽ പുരോഗതി ഇല്ലാതിരുന്നിട്ടും ചോദ്യംചെയ്യാതെ മറ്റ് പദ്ധതികൾ തയ്യാറാക്കി 20 ലക്ഷത്തോളം രൂപ ചെലവഴിച്ചുകൊണ്ട് സ്കൂളിൽ ടോയ്‌ലെറ്റ് ഒരുക്കുന്നതിനാണ് പി.ടി.എ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.