clean
ക്ലീൻ കേരള കമ്പനി ദുരിതാശ്വാസനിധിയിലേക്ക് നൽകിയ 15.65ലക്ഷത്തിന്റെ ചെക്ക് മന്ത്രി എം.ബി.രാജേഷിന് എം.ഡി ജി.കെ.സുരേഷ് കുമാർ കൈമാറുന്നു.

വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്.

തിരുവനന്തപുരം: ദുരന്തം പൊട്ടിയൊലിച്ച നാടിന്റെ പുനർനിർമ്മാണത്തിനായി പാഴ്ത്തുണികൾ വിറ്റുകിട്ടിയ പണവും. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ ഉപയോഗശൂന്യമായ വസ്ത്രങ്ങളാണ് തദ്ദേശവകുപ്പിന് കീഴിലെ ക്ലീൻ കേരള വിറ്റ് പണമാക്കിയത്. 35ടൺ ഉപയോഗിച്ച വസ്ത്രങ്ങൾ ദുരന്ത ബാധിതരെ താമസിപ്പിച്ചിരിക്കുന്ന 17ക്യാമ്പുകളിൽ നിന്ന് ക്ലീൻ കേരള ശേഖരിച്ചത്. ഇത് വിറ്റുകിട്ടിയ 92,560 രൂപ,20 ഏജൻസികളിൽ നിന്ന് സമാഹരിച്ച 3,61,003 രൂപ,ജീവനക്കാരുടെ വിഹിതമായ 1,12,336രൂപ കമ്പനി വിഹിതമായ പത്തു ലക്ഷവുമാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. 15.65ലക്ഷത്തിന്റെ ചെക്ക് മന്ത്രി എം.ബി രാജേഷിന് കമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ.സുരേഷ് കുമാർ കൈമാറി.

ക്യാമ്പുകളിലുള്ളവർക്ക് പുതിയ വസ്ത്രങ്ങൾ മാത്രമേ നൽകാവൂയെന്ന സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചാണ് ഒരു കൂട്ടർ ഉപയോഗിച്ച വസ്ത്രങ്ങൾ ക്യാമ്പിലേക്ക് അയച്ചത്. ഇവ കത്തിച്ചുകളയുകമാത്രമാണ് പോംവഴിയെന്ന് ആദ്യം ചിന്തിച്ചെങ്കിലും ക്ലീൻകേരള ഇതിനെ പണമാക്കിമാറ്റാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചു. പുനരുപയോഗിക്കാവുന്ന തുണികൾ ചവിട്ടി ഉൾപ്പെടെ നിർമ്മിക്കാൻ പാലക്കാടുള്ള ഏജൻസികൾക്ക് കൈമാറിയാണ് മൂല്യവത്താക്കിയത്. പുനരുപയോഗിക്കാൻ കഴിയാത്തവ തമിഴ്നാട്ടിലെ സിമെന്റ് ഫാക്ടറികളിലേക്ക് അയച്ചു.

135ടൺ മാലിന്യം

വയനാട് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആകെ 135 ടൺ അജൈലമാലിന്യങ്ങളാണ് ശേഖരിച്ചത്. ഭക്ഷണസാധനങ്ങൾ കൂടികലർന്ന പായ്ക്കറ്റുകൾ,കുടിവെള്ള കുപ്പികൾ എന്നിങ്ങനെയാണ് മറ്റുമാലിന്യങ്ങൾ.

ദുരന്തഭൂമിയിലെ മാലിന്യങ്ങളും ഉടൻ ശേഖരിക്കും ഇ-വേസ്റ്റുകൾ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ ശേഖരിക്കും. എന്നാൽ ഉടമസ്ഥർ ഇല്ലാത്തവ മാത്രമേ ക്ലീൻകേരള കമ്പനി ഏറ്റെടുക്കൂ.

തുണിമാലിന്യം 27%

ജൈവമാലിന്യം 27%

അജൈവമാലിന്യം 46%

വോളണ്ടിയർമാരുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് ശ്രമകരമായ ദൗത്യം ക്ലീൻ കേരള നിറവേറ്റുന്നത്.

-ജി.കെ.സുരേഷ്കുമാർ

എം.ഡി, ക്ലീൻ കേരള