
കടയ്ക്കാവൂർ: നാടക കുലപതിയായ കടയ്ക്കാവൂർ കുഞ്ഞുകൃഷ്ണ പണിക്കർക്ക് ജന്മനാട്ടിലൊരു സ്മാരകം എന്നത് സ്വപ്നമായി അവശേഷിക്കുന്നു. 1890 മേയ് 25ന് കടയ്ക്കാവൂരിൽ തെക്കുംഭാഗത്ത് പരുത്തിവിളാകം വീട്ടിലായിരുന്നു പണിക്കരുടെ ജനനം. മലയാള നാടകത്തിനു കുഞ്ഞുകൃഷ്ണ പണിക്കർ നൽകിയ സംഭാവനകൾ വിസ്മരിക്കാനാകാത്തതാണ്. പച്ചയോല മെടഞ്ഞു നിർമ്മിച്ച ഓലപ്പുരകളിൽ റാന്തൽ വിളക്കുകളുടെ അരണ്ട വെളിച്ചത്തിൽ ഉച്ചഭാഷിണികൾ ഇല്ലാതെ തൊണ്ട പൊട്ടുമാറുച്ചത്തിൽ സംഗീതാലാപനം ചെയ്ത് നാടകം കളിച്ചിരുന്ന കാലത്താണ് കുഞ്ഞുകൃഷ്ണപണിക്കർ മലയാള നാടക തറവാടിന് അടിത്തറ പാകിയത്.
നവരസ ഭാവങ്ങളുതിരുന്ന മോഹിനിയാട്ടവും കഥകളിയും തെയ്യവും തിറയുമെല്ലാം അവതരിപ്പിക്കുന്നതിൽ പണിക്കർ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. കടൽ കടന്നെത്തിയ പോർച്ചുഗീസ് സുഹൃത്തുക്കളുമായി ചേർന്ന് നാടകരംഗം സജീവമാക്കി. മലയാള നാടകരംഗത്തിന് അടുക്കും ചിട്ടയും നൽകാൻ കുഞ്ഞുകൃഷ്ണ പണിക്കർ രൂപം നൽകിയ എസ്.എസ് നടനസഭ വഹിച്ച പങ്ക് വലുതാണ്. പണിക്കരുടെ കാലശേഷം എസ്.എസ് നടനസഭ കടയ്ക്കാവൂർ അജയബോസിന്റെയും വെട്ടത്ത് വ്യാസന്റെയും നേതൃത്വത്തിൽ പുതിയ നാടകങ്ങളുമായി രംഗത്തുണ്ട്. പണിക്കർ ജന്മം നൽകിയ സഹൃദായനന്ദിനി ബാലജനസഭയാണ് തിരുവിതാംകൂറിലെ ആദ്യത്തെ ബാലനാടകസംഘം. കമ്പനി വ്യവസ്ഥയനുസരിച്ച് 1920 ൽ ആദ്യമായി രജിസ്റ്റർ ചെയ്തത്. സഹൃദായനന്ദിനി നടനസഭയാണ്. പിൽക്കാലത്ത് എസ്.എസ് നടനസഭയായി രജിസ്റ്റർ ചെയ്തു. തിരുവിതാംകൂർ മഹാരാജാവ് കുഞ്ഞികൃഷ്ണ പണിക്കരെ നാടകരാജാവ് എന്നാണ് നാമകരണം ചെയ്തിരുന്നത്. നാടക ലോകത്തെ പ്രഗത്ഭരായ കുഞ്ഞൂഞ്ഞ് ഭാഗവതർ, കൊട്ടാരക്കര ശ്രീധരൻനായർ, ഓച്ചിറ വേലുക്കുട്ടി, ഗാനഗന്ധർവൻ യേശുദാസിന്റെ പിതാവ് അഗസ്തിൻ ജോസഫ് സെബാസ്റ്റ്യൻ, വൈക്കം വാസുദേവൻനായർ, കടയ്ക്കാവൂർ രാമകുട്ടി ഭാഗവതർ, കുഞ്ഞൻവേലു, മുതുകുളം രാഘവൻപിള്ള, സി.കെ. രാജം, എസ്.ആർ. പങ്കജം, ആറന്മുള പൊന്നമ്മ, മാവേലിക്കര പാെന്നമ്മ തുടങ്ങിയവരുടെ നീണ്ടനിരതന്നെ സഹൃദായനന്ദിനിക്കുണ്ടായിരുന്നു.