
ആര്യനാട്: ഇത്തവണ ആര്യനാട്ടുകാർ ഓണത്തിന് അത്തപ്പൂക്കളമൊരുക്കുക സ്വന്തമായി കൃഷി ചെയ്ത ജമന്തിപ്പൂക്കൾ കൊണ്ട്. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ വിവിധ സ്ഥലങ്ങളിൽ പാട്ടകൃഷി നടത്തിയാണ് പൂക്കൾ ഉത്പാദിപ്പിച്ചത്. പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണവും ലഭിച്ചു. കുടുംബശ്രീ അംഗങ്ങൾ ചേർന്ന് നാല് ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകൾ ആരംഭിച്ചു. ഒരു ഹെക്ടർ (രണ്ടരയേക്കർ) കൃഷിക്ക് 16,000 രൂപയാണ് അംഗങ്ങൾക്ക് ലഭിച്ചത്. ചൂഴ അന്നപൂർണ ഗ്രൂപ്പ് ലൂഥർഗിരി യു.പി സ്‌കൂളിന് സമീപത്ത് മൂന്നേക്കർ പാട്ടത്തിനെടുത്താണ് പച്ചക്കറിയും ജമന്തിയും കൃഷി ചെയ്തത്. 30 സെന്റ് സ്ഥലത്തായിരുന്നു ജമന്തിക്കൃഷി. ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജു മോഹൻ പുഷ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ജെ.ആർ.സുനിതകുമാരി, ഗ്രാമപഞ്ചായത്തംഗം ലേഖ എന്നിവർ പങ്കെടുത്തു. മീനാങ്കൽ ആര്യശ്രീ വനിതാ ഗ്രൂപ്പ് ബൗണ്ടർമുക്കിൽ പാട്ടെത്തിനെടുത്ത 30 സെന്റിലാണ് കൃഷിയിറക്കിയത്. മീനാങ്കൽ വാർഡിലെ സംഗമം, കാർത്തിക, ആറ്റുകാൽ ദേവി കുടുംബശ്രീയിലെ കെ.ലതകുമാരി, ജി.സീന, ടി.സ്വർണി, പ്രമീണ, സെൽവി എന്നിവരാണ് ഇതിന് പിന്നിൽ. കൊക്കോട്ടേല സമൃദ്ധി ഗ്രൂപ്പ് അഞ്ച് സ്ഥലങ്ങളിലായി 40 സെന്റിലാണ് പൂക്കൃഷി നടത്തിയത്. ഈഞ്ചപ്പുരി മലർ ഗ്രൂപ്പ് 30 സെന്റിലും കൃഷിയിറക്കി. സിന്ധു,തങ്കമണി,ചിത്രലേഖ,കുശലകുമാരി,അനു എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.