lal

'ബന്ധുവാര് ശത്രുവാര്,​ ബന്ധനത്തിൻ നോവറിയും കിളിമകളെ പറയൂ...

അരങ്ങത്ത് ബന്ധുക്കൾ അവർ അണിയറയിൽ ശത്രുക്കൾ"...

മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവും സംവിധായകനും ഒക്കെയായ ശ്രീകുമാരൻ തമ്പി രചിച്ച് , സംഗീതം നൽകി, ഗാനഗന്ധർവൻ യേശുദാസിന്റെ നാദമാധുരിയിൽ പുറത്തുവന്ന കാലാതിവർത്തിയായ ഈ ഗാനം ഇപ്പോൾ ഏറെ പ്രസക്തമാവുകയാണ്. ഒപ്പം നടന്നവർ, ഒപ്പം വളർന്നവർ, ഒരുമിച്ച് ചിന്തിച്ചവർ, ഒരു മനസായിരുന്നവർ... അങ്ങനെ പലവിധത്തിലും ഒന്നായി കരുതിയവരും കാണപ്പെട്ടവരുമൊക്കെ ഇപ്പോൾ പരസ്പരം ചെളിവാരിയെറിയുന്ന കാഴ്ചയാണ് നാം കാണുന്നത്. മേഖലകൾ വ്യത്യസ്തമാവാം, ഏർപ്പെടുന്ന പ്രവർത്തനങ്ങൾ വ്യത്യസ്തമാവാം പക്ഷെ ഇണക്കത്തിനിടെയിലെ പിണക്കവും തുടർന്നുള്ള ഒളിയമ്പെയ്യലും നാറ്റമാവുന്ന വിധത്തിലേക്ക് നീങ്ങുന്നുവെന്ന് വർത്തമാനകാല സംഭവ വികാസനങ്ങൾ തെളിയുക്കുമ്പോഴാണ്, ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് ശ്രീമോഹനം പുരസ്കാരം നടൻ മോഹൻലാലിന് സമ്മാനിക്കുന്ന ചടങ്ങ് നിശാഗന്ധിയിൽ അരങ്ങേറിയത്. കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നാണ് ശ്രീകുമാരൻ തമ്പിയെ സാക്ഷി നിറുത്തി മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിയത്.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കോലാഹലങ്ങളും മലയാള ചലച്ചിത്രരംഗത്തുണ്ടായ അനിശ്ചിതത്വവും ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴായിരുന്നു, മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റ് മോഹൻലാൽ, മൗനത്തിന്റെ വല്മീകം പൊളിച്ച് പൊതുവേദിയിലേക്ക് എത്തിയത്. രണ്ട് ചടങ്ങുകളിലായാണ് വഴക്കവും പഴക്കവും മുഖാമുഖം നോക്കിയത്. അവാർഡുദാന ചടങ്ങിന് ഏതാനും മണിക്കൂറുകൾ മുമ്പാണ്, കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനോടനുബന്ധിച്ചുള്ള ചടങ്ങിന് ശേഷം മോഹൻലാൽ മാദ്ധ്യമങ്ങളെ നേരിട്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു തന്നെ വലിയ ധൈര്യം. ചോദ്യങ്ങൾ കൊണ്ട് മോഹൻലാലിന്റെ ഉള്ളിൽ നിന്നും ഒരുപാട് കാര്യങ്ങൾ തുരന്നെടുക്കാമെന്ന ധാരണയിൽ മാദ്ധ്യമപ്പട കൈയിൽ കരുതിയതും കടംകൊണ്ടതുമായ ചോദ്യശരങ്ങൾ എയ്തുകൊണ്ടേയിരുന്നു. മെറ്റാഫിസിക്സും ഓഷോ സാഹിത്യവും ഗുസ്തിയുമൊക്കെ അഭ്യസിച്ചതുകൊണ്ടാവാം, ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടുമെന്ന മട്ടിൽ ഒതുങ്ങിയും പതുങ്ങിയും മോഹൻലാൽ ഒരുവിധം ചോദ്യങ്ങളെ നേരിട്ടു പിൻവാങ്ങി. കൊമ്പൻ സ്രാവിനെ പ്രതീക്ഷിച്ചവർ കുഴക്കൊട്ടയും വാങ്ങി തിരിച്ചു നടന്നു. അത് അദ്ദേഹത്തിന്റെ വഴക്കം. പക്ഷെ തൊട്ടു പിന്നാലെ ശ്രീമോഹനം പുരസ്കാരദാന ചടങ്ങിൽ ഇതേ മോഹൻലാലിനെ വേദിയിലിരുത്തി,​ വേണ്ട രീതിയിൽ പ്രശംസിച്ച ശേഷം,​ ജനങ്ങൾ നൽകുന്ന വലിയ സ്‌നേഹവും ആരാധനയും ധാർമിക മൂല്യങ്ങൾ പകർന്നുകൊടുക്കും വിധത്തിൽ ജനങ്ങൾക്ക് തിരിച്ചുകൊടുക്കാനുള്ള കടമയും ഉത്തരവാദിത്തവും കലാകാരന്മാർക്കുണ്ടെന്ന് ഭംഗ്യന്തരേണ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ അത് പഴക്കത്തിന്റെ വഴക്കമായി. ബോധം മറയ്ക്കാതെ ശരീരം കീറി തുന്നിക്കെട്ടുന്ന ശസ്ത്രക്രിയാ വിദഗദ്ധനെപ്പോലെ.

ചോദ്യങ്ങളുണ്ട്

ഉത്തരങ്ങളില്ല

പ്രശ്നങ്ങളിൽ നിന്നു താൻ ഒളിച്ചോടിയെന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകിയാണ് ലാൽ തുടങ്ങിയത്. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല അതിനാലാണ് പ്രതികരണം വൈകിയത്. ഭാര്യയുടെ ശസ്ത്രക്രിയയും തന്റെ കന്നി സംവിധാന സംരംഭമായ ബറോസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. ദയവായി മലയാള സിനിമാ വ്യവസായത്തെ തകർക്കരുത്. ഇപ്പോൾ മലയാള സിനിമ മേഖലയിലെ വാർത്തകൾ ദേശീയ,അന്തർദേശീയ തലത്തിൽ ചർച്ചയാകുന്നു. ഇത് സിനിമ വ്യവസായത്തെ ബാധിക്കും. പതിനായിരക്കണക്കിന് ആളുകൾ ജോലിചെയ്യുന്ന മേഖലയാണിത്. ഇനിയും ഇത് തുടർന്നാൽ ഈ രംഗം നിശ്ചലമാകും. നിങ്ങൾ ഇഷ്ടപ്പെടുന്ന പലരും നാളെ നിസഹായരായി നിൽക്കുന്നത് കാണേണ്ടി വരും. വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ വ്യവസായം കെട്ടിപ്പടുത്തത്. ഇപ്പോഴുണ്ടായ പ്രതിസന്ധിയെ മറികടന്ന് മലയാള സിനിമാ മേഖലയെ പുനർനിർമ്മിക്കണം. താരങ്ങളെല്ലാം വളരെയധികം സങ്കടത്തിലാണ്. 47വർഷമായി മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്നയാളെന്ന നിലയിലാണ് പ്രതികരിക്കുന്നത്. സിനിമ സമൂഹത്തിന്റെ ചെറിയഭാഗം മാത്രമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെ സംഭവിക്കുന്നു. അതിനെ പ്രോത്സാഹിപ്പിക്കില്ല. നടപടികൾ വേണം. എല്ലാമേഖലകളിലും ഇത്തരം കമ്മിറ്റികൾ വേണം. എല്ലാവർക്കും നിയമം ഒരുപോലെ ബാധകമാക്കണം.വലിയൊരു മാറ്റത്തിന് തുടക്കമാകണം ഇത്. എന്റെ കൈയ്യിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ മറുപടിപറയാൻ കഴിയില്ല. ഇത്തരം പരാതികൾ ഇനി ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം . സർക്കാരും പൊലീസും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ക്ഷീരമുള്ളോരകിട്ടിൽ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം എന്ന മട്ടിൽ,​ ബ്രേക്കിംഗ് ന്യൂസിന് വേണ്ടി വെമ്പൽകൊണ്ടു നിൽക്കുന്നവർ ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരുന്നു. എന്റെ കൈയിൽ ഇതിന് ഉത്തരങ്ങളില്ല എന്ന സമർത്ഥമായ മറുപടിയിൽ സ്വയം നിർമ്മിച്ച രക്ഷാകവചവും പേറി അദ്ദേഹം മടങ്ങി. ദീർഘകാലം അമ്മ എന്ന സംഘടനയെ മുന്നിൽ നിന്ന് നയിച്ച അനുഭവ സമ്പത്തിന്റെ ചെറു കണികപോലും കാട്ടാൻ മഹാനടന് കഴിയാതെ പോയി. മനപൂർവ്വമാവില്ല,​ പരിമിതികളാണല്ലോ പലപ്പോഴും പ്രയാണങ്ങൾക്ക് തടയാവുന്നത്. കുറച്ചുകൂടി വ്യക്തത മോഹൻലാൻ എന്ന സംഘടനാ നേതാവിൽ നിന്ന് മാദ്ധ്യമ സമൂഹം പ്രതീക്ഷിച്ചെങ്കിൽ അവരെ കുറ്റം പറയാനാവില്ല.

വഴക്കവും പഴക്കവും

പക്ഷെ അതിനൊക്കെ അപ്പുറമുള്ള വിമർശനങ്ങളും വെല്ലുവിളികളും തൊഴുത്തിൽ കുത്തുമൊക്കെയുള്ള മേഖലയാണ് രാഷ്ട്രീയമെങ്കിലും തീക്കടൽ നീന്തി വന്നതിനാലാവും,​ മുഖ്യമന്ത്രി പിണറായി പുരസ്കാരദാന ചടങ്ങിൽ നടത്തിയ പ്രസംഗത്തിന് കൃത്യത ഉണ്ടായിരുന്നു,​ വ്യക്തതയുണ്ടായിരുന്നു,​ അതിലുപരി ശരിയായ ദിശാബോധവും.

''കലയ്ക്ക് അപ്പുറമുള്ള ഒരു വ്യവസ്ഥയും കലാകാരികൾക്ക് മുന്നിലുണ്ടാകരുത്. ഇക്കാര്യത്തിൽ സർക്കാരിന് വലിയ നിർബന്ധമുള്ളതുകൊണ്ടാണ് ചില പരാതികളുണ്ടായപ്പോൾ തന്നെ സ്ത്രീകളുടേതു മാത്രമായ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. ഇന്ത്യയിൽ ഒരിടത്തു മാത്രമേ ഇത്തരമൊരു നടപടിയുണ്ടായിട്ടുള്ളൂ. അത് കേരളത്തിലാണെന്ന് അഭിമാനിക്കാം. ഈ മാതൃക പലയിടത്തും സ്വീകരിക്കുമെന്ന് ഉറപ്പാണ്. സ്ത്രീകളുടെ തൊഴിൽ അവസരത്തിനും അഭിമാന സംരക്ഷണത്തിനും വേണ്ടി സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കും.അവർക്ക് നിർഭയമായി കലാപരമായ കഴിവുകൾ തെളിയിക്കാനുള്ള എല്ലാ സുരക്ഷിത്വവുമുള്ള വിധത്തിൽ കലാരംഗത്തെ ശുദ്ധീകരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മനസുകളെ മലിനമാക്കുന്ന അംശങ്ങൾ സിനിമയിലായാലും സിനിമാ രംഗത്തായാലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്തം ആ രംഗത്ത് പ്രവർത്തിക്കുന്നവർക്കുണ്ട്. '' നിശ്ചയദാർഢ്യത്തിന്റെ പ്രതിധ്വനിയായിരുന്നു പിണറായിയുടെ ശബ്ദത്തിനുണ്ടായിരുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന ആശയദൃഢത.

ഇതുകൂടി കേൾക്കണേ

അന്യന്റെ സദ്യയിൽ കയറി പന്തിയറിയാതെ വിളമ്പാൻ ആർക്കുമാവും. അതിന് വലിയ കേമത്തം വേണ്ട. സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും വളരെ ഗൗരവതരമാണ്. പക്ഷെ ഈ പറയുന്ന ലൈംഗികാരോപണങ്ങളും സദാചാരവിരുദ്ധ പ്രവർത്തനങ്ങളും പ്രവണതകളും സിനിമയിൽ മാത്രമേയുള്ളോ എന്ന് കൂടി ചിന്തിക്കേണ്ടേ.