
തിരുവനന്തപുരം:സെപ്തംബറിൽ അസാധാരണ മഴയ്ക്ക് സാദ്ധ്യത ഇല്ലെങ്കിലും സാധാരണയിൽ കൂടുതൽ ലഭിക്കും. മഴ വർദ്ധിപ്പിക്കുന്ന ലാനിന പ്രതിഭാസം കാലവർഷം കഴിഞ്ഞേ സജീവമാകൂവെന്ന വിലയിരുത്തലിലാണിത്.
കിഴക്കൻ പസിഫിക്കിൽ ഭൂമധ്യരേഖയിലെ സമുദ്രോപരിതല താപനില കുറയുന്ന പ്രതിഭാസമാണ് ലാനിന. നിലവിൽ ഇവിടത്തെ താപനിലയിൽ മാറ്റമില്ല. തുലാവർഷ സീസണായ ഒക്ടോബർ - നവംബറിൽ ഇത് സജീവമാകുമെന്നാണ് പ്രതീക്ഷ. 2023 ൽ കാലവർഷം 37% കുറഞ്ഞപ്പോൾ തുലാവർഷം 27% കൂടിയിരുന്നു.
ന്യൂനമർദ്ദങ്ങൾ
സെപ്തംബറിൽ ഒന്നിലധികം ന്യൂനമർദ്ദങ്ങൾ കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. ഇവയും മഴയെ സ്വാധീനിക്കും. സംസ്ഥാനത്ത് മഴ പെയ്യുന്നത് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്താലാണ്.
ഒക്ടോബറിൽ പെരുമഴ
ലാനിന ഒക്ടോബറിൽ സജീവമാകുന്നത് തുലാവർഷം പെരുമഴയാകുമെന്ന സൂചനയാണ്. മദ്ധ്യ,വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാദ്ധ്യത. ലാനിന ഒക്ടോബർ - ഡിസംബറിൽ മഴ പെയ്യുന്നതിൽ വലിയ മാറ്റമുണ്ടാക്കും.
ആഗസ്റ്റിൽ 30% കുറഞ്ഞു
ജൂണിൽ 25% മഴ കുറഞ്ഞപ്പോൾ ജൂലൈയിൽ 16% കൂടി. ആഗസ്റ്റിൽ 30 % കുറഞ്ഞു. ജൂൺ - ആഗസ്റ്റിൽ 11% കുറഞ്ഞു.
ഈ മാസം അധിക മഴയാണ് പ്രവചനം.ന്യൂനമർദ്ദങ്ങൾ രൂപപ്പെടുമ്പോൾ മാറ്റം വന്നേക്കാം.
--നീത കെ ഗോപാൽ കേരള കാലാവസ്ഥ കേന്ദ്രം ഡയറക്ടർ
കാലവർഷം ഇന്നലെ വരെ
തിരുവനന്തപുരം - 10% കൂടുതൽ
കൊല്ലം - 10 ശതമാനം കുറവ്
പത്തംനംത്തിട്ട - 11% കുറവ്
ആലപ്പുഴ - 19 % കുറവ്
കോട്ടയം - 2% കുറവ്
ഇടുക്കി - 31%കുറവ്
എറണാകുളം - 23% കുറവ്
തൃശൂർ - 8% കുറവ്
പാലക്കാട് - ശരാശരി
മലപ്പുറം - 5% കുറവ്
കോഴിക്കോട് - 9% കുറവ്
വയനാട് - 28% കുറവ്
കണ്ണൂർ - 15% അധികം
കാസർകോട് 11% കുറവ്
ബജറ്റ് ടൂറിസം
24 ബസുകളുമായി
കെ.എസ്.ആർ.ടി.സി
അജന്യആർ.എസ്
കോഴിക്കോട്: മഹാദുരന്തത്തോടെ മന്ദഗതിയിലായ ടൂറിസം മേഖലയെ ഉണർത്താൻ കെ.എസ്.ആർ.ടി.സിയും. ആധുനിക സൗകര്യങ്ങളോട് കൂടിയ 24 ബസുകളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഓടാൻ സജ്ജമാക്കിയത്. ആദ്യഘട്ടത്തിൽ മൂന്ന് ബസുകൾ മൂന്നാർ,കൊട്ടാരക്കര,വെഞ്ഞാറമ്മൂട് എന്നിവിടങ്ങളിൽ സർവീസ് ആരംഭിച്ചു.
ബജറ്റ് ടൂർ പദ്ധതി ഹിറ്റായതിനാലാണ് വിനോദയാത്രകൾക്ക് മാത്രമായി കെ.എസ്.ആർ.ടി സിയുടെ പഴയ ബസുകൾ നവീകരിച്ച് ഡീലക്സ് എയർ ബസുകളാക്കി നിരത്തിലിറക്കിയത്. പുഷ് ബാക്ക് സീറ്റ്,ചാർജിംഗ് പോയിന്റുകൾ,എയർ സസ്പെൻഷൻ തുടങ്ങിയവയാണ് ബസിനുള്ളിൽ യാത്രക്കാർക്കായി സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം, മറ്റ് 21 ബസുകളും ഉടനിറക്കും. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകളാണ് വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്നത്. വിനോദ യാത്രകൾക്ക് മാത്രമായി ബസുകളെത്തുമ്പോൾ പല പാക്കേജുകളിലും സീറ്റ് കിട്ടാത്ത യാത്രക്കാരുടെ പരാതികൾക്ക് അറുതിയാകും.
12000
പാക്കേജുകൾ
സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നുമായി 12000 പാക്കേജുകളാണ് ബജറ്റ് ടൂറിസം സെൽ നടത്തുന്നത്. ഇതിനോടകം 7 ലക്ഷം യാത്രക്കാർ ഭാഗമായി. ഓരോ ദിവസവും പാക്കേജുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ കേരളത്തിന് പുറത്തേക്കും സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. 2021 നവംബറിൽ ആരംഭിച്ച ടൂർ പാക്കേജുകൾക്ക് വൻ സ്വീകാര്യതയാണുള്ളത്. കഴിഞ്ഞ ജൂൺ വരെ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് 43 കോടിയുടെ വരുമാനമാണ്. അതേസമയം, ഇക്കഴിഞ്ഞ വേനലവധിയിൽ മാത്രം 4 കോടിയുടെ വരുമാനമുണ്ടായി.
ഓണത്തിന് കൂടുതൽ
സർവീസുകൾ
ഓണം പ്രമാണിച്ച് 150 ഓളം സർവീസുകളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുള്ളത്. ഓരോ ഡിപ്പോകളിൽ നിന്ന് ഇരുപതോളം യാത്രകളാണ് സംഘടിപ്പിക്കുന്നത്. എല്ലാ ഡിപ്പോകളിൽ നിന്നും വയനാട്ടിലേക്കും ട്രിപ്പുകൾ നടത്തും.
ഡിസൈൻ ബിരുദ
പ്രോഗ്രാമിലേക്ക് അഡ്മിഷൻ
തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഡിസൈൻ, AICTE അംഗീകാരത്തോടെ ( APJ KTU അഫിലിയേഷനോട് കൂടി) നടത്തുന്ന നാലുവർഷ ഡിസൈൻ ബിരുദ പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി/തത്തുല്യമായ പരീക്ഷകളിൽ 45 ശതമാനം മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ KS-DAT/UCEED/NID/NIFT/NATA പ്രവേശന പരീക്ഷകളിലൊന്നിൽ യോഗ്യത നേടിയിരിക്കണം. യോഗ്യത രേഖകൾ സഹിതം നാലിന് രാവിലെ 11 ന് മുൻപായി കൊല്ലം ചന്ദനത്തോപ്പ് കാമ്പസിലെത്തണം. വിവരങ്ങൾക്ക്: www.ksid.ac.in, ഫോൺ: 0474 2719193.