വിതുര: വിതുരയിൽ കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ വിവിധ വികസനപദ്ധതികൾ നടപ്പിലാക്കുന്നു. 'വികസനം വിതുര കെ.എസ്.ആർ.ടിസിയിലൂടെ എന്നാണ് പദ്ധതിയുടെ ലക്ഷ്യം. ഫെഡറേഷൻസ് ഒഫ് റസിഡന്റ് അസോസിയേഷൻ വിതുര മേഖലാകമ്മിറ്റി (ഫ്രാറ്റ്) നേതൃത്വത്തിൽ വിതുരയിൽ ചേർന്ന കെ.എസ്.ആർ.ടി.സി വികസന സെമിനാറിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി വിതുരയിൽ ഡ്രൈവിംഗ് സ്കൂളും പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. വിതുര ഐസറിനേയും ഐ.എസ്.ആർ.ഒയേയും ബന്ധിപ്പിച്ച് സർവീസുകൾ നടത്തും. കൂടാതെ വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിലേക്ക് മറ്റ് ജില്ലകളെ ബന്ധിപ്പിച്ച് സർവീസുകൾ തുടങ്ങും. യാത്രാക്ലേശവും സർവീസുകളുടെ കുറവും ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറ എന്നിവിടങ്ങളിലേക്കുളള യാത്രാപ്രശ്നവും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ദീർഘദൂര സർവീസുകൾ നടത്താനും ധാരണയായി. സഞ്ചാരികൾക്ക് നല്ലഭക്ഷണം നൽകാൻ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ക്യാന്റീൻ ആരംഭിക്കും. സുലഭ് ടോയ്ലെറ്റും നിർമ്മിക്കും. വിതുര രോഹിണി ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന യോഗം കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ്ശങ്കർ ഉദ്ഘാടനം ചെയ്തു. ജി.സ്റ്റീഫൻ എം.എൽ.എ, കേരള കോൺഗ്രസ് ബി ജില്ലാപ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ, വാഴിച്ചൽ ഹരികുമാർ,ഫ്രാറ്റ് വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ എന്നിവർ പങ്കെടുത്തു. ടൂറിസം ഹബ്ബിന് ഫണ്ട് നൽകുമെന്ന് ജി.സ്റ്റീഫൻ അറിയിച്ചു.