
ആസിഫ് അലിയുടെയും ടൊവിനോ തോമസിന്റെയും ആന്റണി വർഗീസിന്റെയും റഹ്മാന്റെയും ചിത്രങ്ങളാണ് ഓണത്തിന് ബോക്സ് ഓഫീസ് കിലുക്കം നിർണയിക്കുക. ഓണം ചിത്രങ്ങളുടെ വരവ് അറിയിച്ച് വ്യാഴാഴ്ച വിജയ് ചിത്രം ഗോട്ട് റിലീസ് ചെയ്യുമ്പോൾ തിയേറ്ററുകളിൽ ആഘോഷം ഉയരും. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിന്റെ കുമ്മാട്ടിക്കളി, ഷാജി കൈലാസിന്റെ മകൻ റുഷിൻ ഷാജി കൈലാസിന്റെ ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് എന്നിവയാണ് നവാഗത നായകൻമാരുടെ ചിത്രങ്ങൾ.
ആറു മലയാള ചിത്രങ്ങളാണ് ഓണം റിലീസിന് ഒരുങ്ങുന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡം 12ന് തിയേറ്ററിൽ എത്തും. അപർണ ബാലമുരളിയാണ് നായിക ഇടവേളയ്ക്കുശേഷം നിഷാൻ, കക്ക രവി എന്നിവർ അഭിനയിക്കുന്ന മലയാള ചിത്രമാണ്. രചന, ഛായാഗ്രഹണം: ബാഹുൽ രമേഷ്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ് ബാനറിൽ ജോബി ജോർജാണ് നിർമ്മാണം.
ടൊവിനോ തോമസ് ട്രിപ്പിൾ വേഷത്തിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. 3ഡി യിലും 2ഡി യിലും ഒരുങ്ങുന്ന ചിത്രം മാജിക് ഫ്രെയിംസ്, യു.ജി. എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ, ഡോ. സഖറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ആറ് ഭാഷകളിലാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ്. രചന സുജിത് നമ്പ്യാർ. ചിത്രം 12ന് റിലീസ് ചെയ്യും.
ആന്റണി വർഗീസ് നായകനായ നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ പൂർണമായും കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറാണ്. രാജ് ബി. ഷെട്ടി, ഷബീർ കല്ലറക്കൽ എന്നിവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോയ്ലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്നാണ് രചന. വീക്കെന്റ് ബ്ലോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്നു. 13 ന് റിലീസ് ചെയ്യും.
റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ബാഡ്ബോയസ് അടിപൊളി ഓണം വിരുന്നായിരിക്കും. അബാം മുവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് നിർമ്മാണം.
റുഷിൻ ഷാജി കൈലാസ് നായകനാവുന്ന ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് ഷെബി ചൗഘട് സംവിധാനം ചെയ്യുന്നു. അബു സലിം ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരക്കഥ വി.ആർ. ബാലഗോപാൽ. പ്രജീവം മുവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് നിർമ്മാണം. 13ന് റിലീസ് ചെയ്യും. മാധവ് സുരേഷ് നായകനാകുന്ന കുമ്മാട്ടിക്കളി വിൻസന്റ് സെൽവ സംവിധാനം ചെയ്യുന്നു. തമിഴ് സംവിധായകനായ സെൽവയുടെ ആദ്യ മലയാള ചിത്രമാണ്. സൂപ്പർ ഗുഡ് ഫിലിംസാണ് നിർമ്മാണം.