
തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓപ്പറേഷൻ ബി തിയേറ്ററിലെ ക്യാന്റീൻ വിഭജനത്തെച്ചൊല്ലി അഡ്മിനിസ്ട്രേഷൻ വിഭാഗവും മറ്റു വിഭാഗങ്ങളും തമ്മിൽ ശീതയുദ്ധം. ക്യാന്റീനെ രണ്ടായി വിഭജിക്കുന്നതിനെതിരെ സർജറി, അനസ്ത്യേഷ്യ ഡോക്ടർമാർ എതിർപ്പുമായെത്തിയതോടെ പണി പാതിവഴിയിൽ നിലച്ചു. ഒരുലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികളിറക്കിയ കരാറുകാരൻ വെട്ടിലുമായി. കൊവിഡിന് പിന്നാലെയാണ് മെഡി. കോളേജിലെ പ്രധാന ബ്ലോക്കിലെ രണ്ടാംനിലയിലുള്ള ബി തിയേറ്ററിൽ ക്യാന്റീൻ തുടങ്ങിയത്.ശസ്ത്രക്രിയ അനന്തമായി നീളുമ്പോൾ ജീവനക്കാർക്ക് യഥാസമയം ഭക്ഷണം കഴിക്കാനാകാതെ വന്നതോടെ ലഘുഭക്ഷണങ്ങൾ ലഭ്യമാക്കാനായിരുന്നു ഇത്. എന്നാൽ, മറ്റു വിഭാഗങ്ങളിലെ ജീവനക്കാരും മെഡിക്കൽ,നഴ്സിംഗ് വിദ്യാർത്ഥികളും ക്യാന്റീനിലെത്തിയതോടെ അന്നത്തെ സൂപ്രണ്ട് പുറത്തുനിന്നുള്ളവരെ വിലക്കി.അടുത്തിടെ അദ്ധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ ആശുപത്രിയിലെ മറ്റുവിഭാഗങ്ങളിലെ ഡോക്ടർമാർക്കും ക്യാന്റീൻ വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ ക്യാന്റീൻ വിഭജിക്കാൻ കഴിഞ്ഞമാസം തീരുമാനിച്ചു. തുടർന്ന്, പണികൾ നടക്കുന്നതിനിടെ സർജറി, അനസ്‌തേഷ്യ ഡോക്ടർമാർ പ്രതിഷേധവുമായി എത്തി പണികൾ നിറുത്തിവയ്‌പിച്ചു.ഓപ്പറേഷൻ തിയേറ്ററിലെ ക്യാന്റീനിൽ മറ്റുള്ളവരെത്തിയാൽ അത് അണുബാധയ്‌ക്കിടയാക്കുമെന്നും തിയേറ്റർ സ്റ്റാഫുകൾക്ക് പ്രയോജനപ്പെടില്ലെന്നുമാണ് ഡോക്ടർമാരുടെ നിലപാട്.
 അധികൃതരുടെ വാദം
എന്നാൽ, പുറത്തുനിന്നുള്ളവർ എത്തിയാൽ തെറ്റില്ലെന്ന നിലപാടിലാണ് അധികൃതർ. ഓപ്പറേഷൻ തിയേറ്റർ ക്യാന്റീനിൽ മറ്റു വിഭാഗക്കാരെ പ്രവേശിപ്പിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് ഇൻഫെക്ഷൻ കൺട്രോൾ വിഭാഗവും റിപ്പോർട്ട് നൽകി. തുടർന്ന് പ്രിൻസിപ്പലിന്റെ അനുമതിയോടെയാണ് ക്യാന്റീൻ വിഭജിച്ച് പുറത്തു നിന്നുള്ളവർക്ക് കൂടി പ്രവേശനത്തിന് വഴിയൊരുക്കാൻ തീരുമാനിച്ചതെന്നാണ് അധികൃതരുടെ വാദം.
 പ്രവേശനം നിയന്ത്രിത മേഖലയിലൂടെ
നിലവിൽ ക്യാന്റീനിലേക്ക് പ്രവേശിക്കണമെങ്കിൽ ഓപ്പറേഷൻ തിയേറ്ററിന്റെ പ്രധാന വാതിൽ തുറന്ന് വലതുവശത്ത് ഡോക്ടർമാരുടെ മുറിക്ക് മുന്നിലൂടെ പോകണം. എന്നാൽ,പുറത്തുനിന്നുള്ളവർക്ക് ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന സി.എസ്.എസ്.ഡിക്ക് മുന്നിലൂടെ വഴിയൊരുക്കാനാണ് തീരുമാനം.സി.എസ്.എസ്.ഡി പരിസരം നിയന്ത്രിത മേഖലയായതിനാൽ അതുവഴി പ്രവേശനം പാടില്ലെന്നാണ് സർജറി,അനസ്തേഷ്യ ഡോക്ടർമാരുടെ നിലപാട്.