
ഉദിയൻകുളങ്ങര: ഗ്രാമീണ മേഖലകളിലെ നെയ്ത്ത് ശാലകൾ നിലച്ചു. പകരം എവിടെയും ചിലന്തി വല നെയ്യുന്ന കാഴ്ചയാണ്. സ്വകാര്യ കൈത്തറി ഉടമകൾക്ക് വേണ്ടത്ര ഊടും പാവും ലഭിക്കാത്തതും നെയ്തെടുക്കുന്ന തുണികൾക്ക് വിപണി ലഭിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. സ്വന്തമായി നെയ്ത്ത് വ്യവസായം നടത്തുന്നവർക്ക് കമ്പോളങ്ങളിൽ പരിഗണന ലഭിക്കാത്തതിനാൽ ഇടനിലക്കാർ വഴിയാണ് വിപണിയിലെത്തുന്നത്. ഇടനിലക്കാർ വലിയ തുക ഈടാക്കുന്നത് നെയ്ത്ത് തൊഴിലാളികളെ ബാധിക്കാനിടയായി. ഗ്രാമീണ മേഖലകളിൽ ഉണക്കപ്പാവ് കൊണ്ടാണ് നെയ്ത്ത് നടക്കുന്നത്. പവർ ലൂം, സ്പിന്നിംഗ് തുടങ്ങിയവരുടെ കടന്നുകയറ്റം കൈത്തറി തൊഴിലാളികളെ കഷ്ടത്തിലാക്കിയതായും തൊഴിലാളികൾ പറഞ്ഞു.
കൈത്തറി മേഖല രണ്ടാം സ്ഥാനത്ത്
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ കയർ മേഖല കഴിഞ്ഞാൽ കൈത്തറി മേഖല രണ്ടാം സ്ഥാനത്താണ്. പവർ ലൂം, സ്പിന്നിംഗ് മേഖല എന്നിവ ഉൾപ്പെടുന്നതാണ് ഈ വ്യവസായം. സംസ്ഥാനത്തെ കൈത്തറി വ്യവസായത്തിൽ ഒന്നാമതാണ് തിരുവനന്തപുരം ജില്ല.
കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, കാസർകോട് തുടങ്ങിയവയാണ് പിന്നീടുളളവ. കൈത്തറി മേഖലയിൽ തൊഴിലിനായി കടന്നുവരാൻ പുത്തൻ തലമുറ മടിക്കുന്നതായും കാണാം
നട്ടം തിരിഞ്ഞ് തൊഴിലാളികൾ
കൈത്തറിയുടെ 96 ശതമാനവും ഉൾക്കൊള്ളുന്നത് സഹകരണ മേഖലയിലാണ്. ശേഷിക്കുന്ന 4 ശതമാനം കൈത്തറി യൂണിറ്റുകളും സ്വകാര്യ വ്യവസായ സംരംഭകരുടേതാണ്. മഴക്കാലത്ത് കൈത്തറിക്ക് വരുന്ന നഷ്ടവും ചെറുതല്ല. ഒരു വർഷത്തിൽ രണ്ടുംമൂന്നും പാവുകൾ മാത്രമാണ് കൈത്തറിയെ ആശ്രയിക്കുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇതിനാകട്ടെ രണ്ടുവർഷകാലമായി വേതനവും കിട്ടുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഒരു പാവ് 150 മീറ്ററാണ്. ഇതിൽ തൊഴിലാളിക്ക് ഒരു മീറ്ററിന് 52 രൂപയും ബോണസ് അടക്കം 72 രൂപയാണ് ലഭിക്കുന്നത്. ഓണക്കാലമായിട്ടും തൊഴിലവസരങ്ങൾ ലഭിക്കാതെ വലയുകയാണ് കൈത്തറിത്തൊഴിലാളികൾ.
കൈത്തറി തൊഴിലാളികൾക്ക് സർക്കാർ ഗ്രാൻഡും സബ്സിഡികളും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലർക്കും അത് ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പരമ്പരാഗതമായ കൈത്തറിയെ കുറിച്ച് പ്രത്യേക പഠനം നടത്തി സർക്കാർ തൊഴിലാളികളെ സംരക്ഷിക്കണം.
ഡോ.പാളയം അശോക്
ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്