തിരുവനന്തപുരം: അവകാശങ്ങളെപ്പറ്റി ബോദ്ധ്യമുണ്ടെങ്കിലും കടമകൾ മറന്നുപോകുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി. ജി.ആർ. അനിൽ. തൊഴിലാളികളുടെ അവകാശങ്ങൾക്ക് ഒരു സംരക്ഷണവുമില്ലാത്ത കാലഘട്ടത്തിൽ നിന്നാണ് പല അവകാശങ്ങളും ലഭ്യമായിട്ടുള്ളത്. അതാണ് ചിലർ മറന്നുപോകുന്നതെന്നും മന്ത്രി പറഞ്ഞു. കേരള ന്യൂസ് പേപ്പർ എംപ്ലോയിസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എൻ. ശാർങധരൻ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് പ്രസോടുകൂടിയ മാദ്ധ്യമ സ്ഥാപനം ആരംഭിച്ചത് കേരളകൗമുദിയാണ്. അതുകൊണ്ടുതന്നെ മാദ്ധ്യമങ്ങളിലെ പ്രസ് ജീവനക്കാരുടെ മാതൃസംഘടനയെന്ന് പറയുന്നത് കേരളകൗമുദിയിലെ നോൺ ജേർണലിസ്റ്റ് യൂണിയനാണ്. പ്രസ് ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ഈ യൂണിയൻ ത്യാഗപൂർണമായ പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസ് ക്ലബിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ഐ.ഐ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ, സെക്രട്ടറി സി.ആർ. അരുൺ, ജില്ലാ സെക്രട്ടറി എസ്. ഉദയകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.