സൂര്യാകൃഷ്‌ണമൂർത്തി ഒരുക്കുന്ന നാടകം
ഇന്നുമുതൽ ആറ് വരെ ടാഗോർ കോമ്പൗണ്ടിൽ
തിരുവനന്തപുരം: വിഖ്യാത കഥാകാരൻ എം.ടി .വാസുദേവൻ നായരുടെ കഥാപാത്രങ്ങളെ ഒറ്റക്കഥയിലൂടെ അരങ്ങിലെത്തിച്ച് സൂര്യാകൃഷ്‌ണമൂർത്തി.
ഗുരുദക്ഷിണയായ നാടകം തുടർച്ച എന്ന പേരിലാണ് അരങ്ങിലെത്തിക്കുന്നത്. തിരുവനന്തപുരത്തെ അവതരണത്തിന് ശേഷം വൈകാതെ കോഴിക്കോട്ട് എം.ടിക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് സൂര്യാകൃഷ്ണമൂർത്തി അറിയിച്ചു.
പിറന്നാളിന്റെ ഓർമ്മ, വിത്തുകൾ, തൃഷ്‌ണ, അമൃതംഗമയ, നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ്, പള്ളിവാളും കാൽച്ചിലമ്പും തുടങ്ങിയ പല കഥകളിൽ നിന്നായി അൻപതിലേറെ കഥാപാത്രങ്ങളാണ് തുടർച്ചയിലൂടെ ആസ്വാദകർക്ക് മുന്നിലെത്തുന്നത്.
25 വർഷം മുൻപ് സൂര്യാകൃഷ്‌ണമൂർത്തി എഴുതിയ നാടകത്തിന്റെ പരിഷ്കരിച്ച പതിപ്പാണിത്. സാംസ്കാരിക വകുപ്പിന്റേയും പബ്ളിക് റിലേഷൻസ് വകുപ്പിന്റേയും സഹകരണത്തോടെ അരങ്ങിലെത്തിക്കുന്ന നാടകം ടാഗോർ തിയേറ്റർ കോമ്പൗണ്ടിലാണ് അവതരിപ്പിക്കുന്നത്. സെപ്തംബർ ആറുവരെ അനന്തപുരിയിലെ ആസ്വാദകർക്ക് നാടകം കാണാം. വൈകിട്ട് 6.45 ആരംഭിക്കുന്ന നാടകം മൂന്ന് മണിക്കൂറാണ്. നൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും കലാകാരന്മാർക്കും ഒരു വിഹിതം വയനാടിനും നൽകുമെന്ന് സൂര്യാകൃഷ്‌ണമൂർത്തി അറിയിച്ചു.ഇനി ടി.പത്മനാഭന്റെ കഥകളെ ആധാരമാക്കി ഇത്തരമൊരു സ്റ്റേജ് ഷോ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ രചനയും സംവിധാനവും സൂര്യാ കൃഷ്ണമൂർത്തി.