
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലേതു പോലെ, വനിതകൾക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മിറ്രി സർക്കാർ തലത്തിൽ രൂപീകരിക്കണമെന്ന ആവശ്യം തമിഴ് സിനിമാ രംഗത്തുയരുമ്പോൾ, തെലുങ്കിൽ സമർപ്പിക്കപ്പെട്ട സബ്കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന ആവശ്യം ശക്തമാകുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാളത്തിൽ അഭിനയിച്ചിട്ടുള്ള അന്യഭാഷാ നടിമാർ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയതിനു പിന്നാലെയാണിത്.
തമിഴ് സിനിമയിൽ നടികർ സംഘം ഒരു കമ്മിറ്രി രൂപീകരിക്കുമെന്ന് ജനറൽ സെക്രട്ടറി വിശാൽ പ്രഖ്യാപിച്ചെങ്കിലും സർക്കാർ നിയമിക്കുന്ന കമ്മിറ്റി വേണമെന്നാണ് ഖുശ്ബു ഉൾപ്പെടെയുള്ള നടിമാരുടെ ആവശ്യം. രണ്ട് സിനിമാ മേഖലകളിലും ഈ നീക്കത്തിനതിരെ അണിയറ നീക്കവും സജീവമാണ്.
നടി സമാന്തയും വോയിസ് ഒഫ് വുമൺ എന്ന സംഘടനയുമാണ് തെലുങ്ക് സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച സബ്കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തെലുങ്ക് സിനിമയിൽ സ്ത്രീകൾക്ക്‌നേരെ നടക്കുന്നത് നെറികെട്ട സംഭവങ്ങളാണെന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും ആരോപിച്ച് നടി ശ്രീറെഡ്ഡി 2018 ഏപ്രിലിൽ 'മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ' ഓഫീസിന് മുൻപിൽ അർദ്ധ നഗ്നയായി പ്രതിഷേധിച്ചിരുന്നു. എന്നാൽ ശ്രീറെഡ്ഢിയുടേത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് പറഞ്ഞ് അസോസിയേഷൻ അവരെ സസ്‌പെൻഡ് ചെയ്തു.
പിന്നാലെ ശ്രീറെഡ്ഢി തനിക്ക് വന്ന ലൈംഗിക അഭ്യർത്ഥനകളുടെയും മറ്റും നിരവധി സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടു. ശ്രീറെഡ്ഢിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതായിരുന്നു പുറത്തുവിട്ട സ്‌ക്രീൻഷോട്ടുകൾ.വിഷയം ഹൈക്കോടതി വരെ എത്തിയതോടെയാണ് സ്ത്രീകളുടെ പ്രശ്നങ്ങളും സിനിമ മേഖലയിലെ ലിംഗ അസമത്വവും പഠിക്കാനായി സബ് കമ്മിറ്റി രൂപീകരിച്ചത്.
കമ്മിറ്റി റിപ്പോർട്ട് 2022 ജൂണോടെ പൂർത്തിയാക്കി സമർപ്പിച്ചെങ്കിലും നാളിതുവരെ വെളിച്ചം കണ്ടിട്ടില്ല.
റിപ്പോർട്ട് പുറത്തുവന്നാൽ പല പ്രമുഖരും സംശയനിഴലിലാകും. എന്നാൽ സിനിമാ മേഖലയുടെ ശുദ്ധീകരണത്തിന് ഇത് ആവശ്യമാണെന്നാണ് സാമന്ത പറയുന്നത്.
ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം:
മുകേഷിനെതിരെ
വീണ്ടും കേസ്
വടക്കാഞ്ചേരി: നടനും, എം.എൽ.എയുമായ എം. മുകേഷിനെതിരെ വടക്കാഞ്ചേരിയിലും ലൈംഗികാതിക്രമ കേസ്. 2011 ൽ ഓട്ടുപാറ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്തെ റെസിഡൻസിയിൽ താമസിക്കുമ്പോൾ മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവനടിയുടെ ആരോപണം. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ചേലക്കരയിൽ സിനിമാ ചിത്രീകരണത്തിനിടെയാണ് മുകേഷും, സംഘവും ഓട്ടുപാറയിലെ ആഡംബര റെസിഡൻസിയിൽ താമസിച്ചത്. ഇന്ത്യൻ പീനൽ കോഡ് 354, 294 ബി വകുപ്പുകൾ ചുമത്തിയാണ് കേസ്. മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരാതിയിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഓട്ടുപാറയിലെ റസിഡൻസിയിലെത്തി തെളിവെടുക്കും.
മുകേഷിന്റെ മൊഴിയെടുത്തേക്കും
കേസിൽ മൊഴിയെടുക്കുന്നതിനായി മുകേഷിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പരിഗണനയിലാണ്. പ്രധാന പരാതിയിൽ സമഗ്രാന്വേഷണം നടത്തുന്നതിനാൽ റിപ്പോർട്ട് പ്രത്യേക സംഘത്തിന് കൈമാറാനുള്ള സാദ്ധ്യതയുമുണ്ട്. ആലോചനകൾക്ക് ശേഷം കേസിന്റെ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.