ഉള്ളൂർ: മെഡിക്കൽ കോളേജ് കാഷ്വാലിറ്റി പാർക്കിംഗ് ഏരിയയ്ക്ക് സമീപം മദ്യലഹരിയിൽ അസഭ്യം പറഞ്ഞ് ബഹളം വച്ചത് വിലക്കിയതിന് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റു ചെയ്തു.
കാഷ്വാലിറ്റിക്ക് സമീപം തട്ടുകടയ്ക്ക് മുന്നിൽ
കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ ട്രോളി അറ്റൻഡറും പട്ടം ചാലക്കുഴി കേദാരം ലെയിനിൽ താമസക്കാരനുമായ അജയ് ബാബു(34)വിനാണ് മർദ്ദനമേറ്റത്. തട്ടുകട നടത്തുന്ന കാട്ടുണ്ണിയെന്ന് വിളിക്കുന്ന സുനിൽകുമാർ, ഇയാളുടെ സഹായി മുത്തുകുമാർ, സുനിൽകുമാറിന്റെ മകൻ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത മറ്റ് രണ്ടുപേർ എന്നിവർ ചേർന്നാണ് ജീവനക്കാരനെ മർദ്ദിച്ചത്.
തട്ടുകടയ്ക്ക് മുന്നിൽ ബഹളം വച്ചത് വിലക്കിയതിന്റെ വിരോധത്തിൽ പാർക്കിംഗ് ഏരിയയിൽവച്ച് തള്ളി തറയിലിട്ടശേഷം മാരകായുധം ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചവിട്ടിയും തൊഴിച്ചും പരിക്കേൽപ്പിക്കുകയുമായിരുന്നു. ബഹളം കേട്ട് മറ്റുള്ളവർ എത്തിയപ്പോഴാണ് മർദ്ദനം നിറുത്തി പ്രതികൾ ഓടി രക്ഷപ്പെട്ടത്.
അജയ് ബാബുവിന് വാരിയെല്ലിന് ക്ഷതവും തലയിലെ മുറിവിൽ ആറോളം സ്റ്റിച്ചുകളുമുണ്ട്. ശരീരമാസകലം മർദ്ദനമേറ്റ പാടുകളും പേശികൾക്ക് ക്ഷതവും സംഭവിച്ച ഇയാളെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. അജയ് ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്. സംഭവം അറിഞ്ഞതോടെ മെഡിക്കൽ കോളേജ് പൊലീസും സ്‌ട്രൈക്കർ സേനാംഗങ്ങളും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.