കഴക്കൂട്ടം: കഴക്കൂട്ടം - മുട്ടത്തറ സ്വീവറേജ് പദ്ധതിയിലെ അരശുംമൂട് - കുഴിവിള സ്വീവേജ് പദ്ധതി ഡിസംബറിൽ പൂർത്തിയാകുമെന്ന് മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അറിയിച്ചു. കഴക്കൂട്ടം മണ്ഡലം, സമീപത്തെ വാർഡുകൾ എന്നിവിടങ്ങളിലെ കക്കൂസ് മാലിന്യം ശേഖരിച്ച് മുട്ടത്തറ സ്വീവേജ് പ്ലാന്റിലെത്തിച്ച് ഭൂഗർഭ ജലസ്രോതസുകൾ, തെറ്റിയാർ, മറ്റ് ജലസ്രോതസുകൾ എന്നിവ ഉപയോഗപ്രദമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അമൃത് പദ്ധതി മണ്ഡലത്തിൽ ആരംഭിച്ചത്. ഇനി മൂന്നുമീറ്റർ കൂടിയേ സ്വീവേജ് ലൈൻ സ്ഥാപിക്കാനുള്ളൂ.എട്ട് മാൻഹോളുകളിൽ അഞ്ചെണ്ണം പൂർത്തിയായി. റോഡിനിരുവശവുമുള്ള വീടുകൾ, ഫ്ലാറ്റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കക്കൂസ് മാലിന്യം ശേഖരിച്ച് സ്വീവേജ് ലൈനിലേക്ക് കണക്ട് ചെയ്യുന്ന ജോലികൾ പൂർത്തിയായി.സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്ന പണികളും അന്തിമഘട്ടത്തിലാണ്. കേടായ കുടിവെള്ള ലൈനുകളും പൈപ്പുകളും മാറ്റിസ്ഥാപിച്ചു. 4.50 കോടിരൂപയുടെ ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള റോഡുകളുടെ പണിയും അന്തിമഘട്ടത്തിലാണ്. അതേസമയം,​ ജനകീയ കൂട്ടായ്‌മ എന്ന പേരിൽ പദ്ധതിക്കെതിരെ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി ഡി.രമേശൻ കൗൺസിലർമാരായ എസ്.ശ്രീദേവി, ബി.നാജ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ.രാജേഷ്, വിനിൽകുമാർ, ഏരിയ കമ്മിറ്റി അംഗം വി.സുരേഷ് ബാബു, വി.സാംബശിവൻ, എസ്.പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.