
തിരുവനന്തപുരം: ലോകബാങ്ക് അംഗീകരിച്ച കേരളത്തിലെ 2390.86കോടിയുടെ കാർഷിക നവീകരണത്തിനുള്ള 'കേര' പദ്ധതിയിൽ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി. പ്രകൃതിദുരന്തം, പെരുമഴ, വരൾച്ച, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ മൂലമുണ്ടാകുന്ന കൃഷിനാശത്തിനാണിത്. അടിയന്തര സഹായമായി 3 മില്യൺ ഡോളർ (25.17 കോടി) ആദ്യഘട്ടത്തിൽ നൽകും.
ഇതു ചെലവഴിക്കുന്ന മുറയ്ക്ക് അടുത്തഘട്ടം ലഭ്യമാക്കും. പദ്ധതിയുടെ ആകെ അടങ്കലിന് പുറമെയാണിത്. കേന്ദ്ര ധനകാര്യമന്ത്രാലയവുമായുള്ള ചർച്ചയിലാണ് നഷ്ടപരിഹാരത്തിനുള്ള അഡ്വാൻസ് ക്രെഡിറ്റ് സംവിധാനം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പ്രകൃതിദുരന്തങ്ങൾ നേരിടാനുള്ള അടിയന്തര സഹായധനമായും ഇതുപയോഗിക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കൃഷിനാശത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായം യഥാസമയം കിട്ടാതെ വലയുന്ന കർഷകർക്ക് ഇത് ആശ്വാസമാകും.
'കേര' പദ്ധതിയിൽ (കേരള ക്ലൈമറ്റ് റിസിലിയന്റ് അഗ്രി-വാല്യുചെയിൻ മോഡണൈസേഷൻ പ്രോജക്ട്) കാലാവസ്ഥാപ്രതിരോധ, മൂല്യവർദ്ധിത കൃഷിരീതികൾ, അഗ്രിബിസിനസ് എന്നിവയ്ക്ക് നീക്കിവച്ചിട്ടുള്ള പണം അടിയന്തര ഘട്ടങ്ങളിലെ ഇടപെടലിന് വകമാറ്റാനും ലോകബാങ്ക് അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് 27വിളകൾക്ക് കാലാവസ്ഥ അധിഷ്ഠിത ഇൻഷ്വറൻസ് നടപ്പാക്കിയിട്ടുണ്ടെങ്കിലും അപര്യാപ്തമാണെന്ന് ആക്ഷേപമുണ്ട്. ഈ സർക്കാർ വന്നശേഷം 150.12കോടി വിളനാശത്തിന് നഷ്ടപരിഹാരമായും 116കോടി വിളഇൻഷ്വറൻസായും കർഷകർക്ക് നൽകി. 50കോടിയിലേറെ കുടിശികയുണ്ട്.
കൃഷിനാശം മാർച്ച്- ജൂൺ
500 കോടി
വരൾച്ച, പിന്നാലെയുള്ള
അതിതീവ്ര മഴമൂലം
304.11 കോടി
വരൾച്ചയിൽ മാത്രം
ഏറ്റവും കൂടുതൽ
ഇടുക്കി, വയനാട്, പാലക്കാട്,
ആലപ്പുഴ ജില്ലകളിൽ
സ്മാർട്ട് കൃഷിരീതിക്ക് സഹായം
1.കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനുള്ള സ്മാർട്ട് കൃഷിരീതികൾക്കുള്ള സഹായവും 'കേര' പദ്ധതിയിൽ
2.ഇതിലൂടെ കൃഷി, അനുബന്ധമേഖലകളിൽ കൂടുതൽ നിക്ഷേപം വരും
3.കാലാവസ്ഥ മാറ്റമടക്കം പരിഗണിച്ച് അനുയോജ്യമായ വിളപരിപാലന രീതികൾ
4.റബർ, ഏലം, കാപ്പി തുടങ്ങിയ തോട്ടവിളകളുടെ പുനരുജ്ജീവനത്തിന് പ്രത്യേക പദ്ധതി, വിഹിതം
''അഡ്വാൻസ് ക്രെഡിറ്റ് പ്രത്യേക സംവിധാനമാണ്. കണ്ടിജൻസ് ഗ്രാന്റ് എന്ന നിലയിൽ അഡ്വാൻസായി ലോകബാങ്ക് പണം തരും
-ഡോ.ബി.അശോക്,
പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി
വിരമിച്ച മിനി ആന്റണിക്ക്
കിഫ്ബിയിൽ പുനർനിയമനം
തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ മിനി ആന്റണിക്ക് കിഫ്ബിയിൽ അഡിഷണൽ സി.ഇ.ഒ ആയി പുനർനിയമനം. മൂന്നുലക്ഷം രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ അഞ്ച് ലക്ഷത്തോളം രൂപ നൽകുമെന്നാണ് അറിയുന്നത്. നിയമനത്തെക്കുറിച്ച് ഇതുവരെ സർക്കാർ അറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല.
നേരത്തെ മിനി ആന്റണിക്ക് പുനർനിയമനം നൽകുമെന്ന സൂചനവന്നതോടെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് അനാവശ്യ തസ്തികകൾ സൃഷ്ടിക്കുന്നതിനെതിരെ ഭരണതലത്തിലും എതിർപ്പുണ്ട്. ഇൗ സാഹചര്യത്തിൽ രഹസ്യമായിട്ടായിരുന്നു നീക്കം. ഒരാഴ്ച മുമ്പ് ചുമതലയേറ്റുവെന്നാണ് അറിയുന്നത്. സഹകരണ, സാംസ്കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന മിനി ആന്റണി മേയ് 31നാണ് സർവീസിൽ നിന്ന് വിരമിച്ചത്. ആലപ്പുഴ സ്വദേശിയാണ്.