
ക്രമസമാധാനച്ചുമതല വഹിക്കുന്ന എ.ഡി.ജി.പിക്കെതിരെ ഭരണപക്ഷത്തെ പി.വി. അൻവർ എം.എൽ.എ തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് ഉന്നത തലത്തിൽ അന്വേഷണം നടത്താനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ആരോപണവിധേയനെ വേദിയിലിരുത്തിയാണ്. കോട്ടയത്ത് തിങ്കളാഴ്ച രാവിലെ നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സാഹചര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടാകണം ഇത്തരത്തിലൊരു അന്വേഷണ പ്രഖ്യാപനം പൊതുവേദിയിൽ വച്ചുതന്നെ മുഖ്യമന്ത്രിയിൽ നിന്നുണ്ടായതെന്നു വേണം കരുതാൻ. എ.ഡി.ജി.പിയെ തൽസ്ഥാനത്തു നിന്ന് മാറ്റിനിറുത്തിക്കൊണ്ടായിരിക്കും അന്വേഷണം.
എ.ഡി.ജി.പിക്കൊപ്പം ഭരണപക്ഷ എം.എൽ.എയുടെ ആരോപണ ശരങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന, പത്തനംതിട്ട എസ്.പി സ്ഥാനത്തു നിന്ന് ഇന്നലെ സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെതിരായി പുറത്തുവന്ന കാര്യങ്ങൾ പൊലീസ് സേനയ്ക്ക് വളരെയധികം നാണക്കേടുണ്ടാക്കുന്നതാണ്.
ഈ രണ്ട് ഉന്നത പൊലീസ് ഓഫീസർമാർക്കെതിരെ മാത്രമല്ല എം.എൽ.എയുടെ ആരോപണം ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും അവഗണിക്കാനാകാത്ത ആരോപണങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിട്ടുണ്ട്. മാഫിയാ സംഘങ്ങളുടെ ഇരുണ്ട ഇടപാടുകൾക്കു സമാനമാണ് എ.ഡി.ജി.പിയുമായി കൂട്ടുചേർന്നുള്ള പൊളിറ്റിക്കൽ സെക്രട്ടറിയുടെ പ്രവർത്തനങ്ങളെന്ന് തെളിവുകൾ നിരത്തി അൻവർ സാക്ഷ്യപ്പെടുത്തുന്നു. പല വിഷയങ്ങളിലും മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുന്നത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയാണത്രെ. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉന്നം വച്ചു നടത്തിയ ആരോപണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് തീരുമാനിക്കേണ്ടത്. എന്നാൽ പൊലീസ് മേധാവികൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ നിഷ്‌പക്ഷമായി അന്വേഷിച്ച് ശക്തമായ നടപടി എടുക്കേണ്ടത് പൊലീസ് സേനയിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസ്യത ഊട്ടിയുറപ്പിക്കാൻ അനിവാര്യമാണ്.
മുഖ്യമന്ത്രി പൊതുവേദിയിൽ പറഞ്ഞതനുസരിച്ച് ഡി.ജി.പി തലത്തിലായിരിക്കും എ.ഡി.ജി.പി അജിത്‌കുമാറിനെതിരെയുള്ള അന്വേഷണം. മുൻവിധികളൊന്നുമില്ലാത്ത തരത്തിലാകും അന്വേഷണമെന്ന് അദ്ദേഹം എടുത്തുപറയുകയും ചെയ്തു. അച്ചടക്കലംഘനം ഏത് ഉന്നതന്റെ ഭാഗത്തുനിന്നുണ്ടായാലും വച്ചുപൊറുപ്പിക്കാൻ സർക്കാരിനാവില്ല. സേനയുടെ സൽപ്പേരിനു കളങ്കം വരുത്തുന്നവർക്ക് സേനയിൽ തുടരാൻ അവകാശമില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലെ സന്ദേശം വളരെ വ്യക്തമാണ്. ഔദ്യോഗിക പദവി ഒരു നാണവുമില്ലാതെ ദുരുപയോഗപ്പെടുത്തിയതിന്റെ അമ്പരപ്പുളവാക്കുന്ന കഥകളാണ് എ.ഡി.ജി.പിക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ആവശ്യപ്പെട്ട് സർക്കാരിന് താൻ കത്തു നൽകിക്കഴിഞ്ഞു എന്നാണ് അജിത് കുമാർ മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനമുണ്ടായതിനു പിന്നാലെ മാദ്ധ്യമങ്ങളോടു പറഞ്ഞത്.
ആഭ്യന്തരവകുപ്പിനെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങളാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാർക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ഉയർന്നിരിക്കുന്നത്. അന്വേഷണത്തിൽ സത്യാവസ്ഥ പുറത്തുവരുന്നതുവരെ ജനമനസ്സുകളിൽ ഇതെല്ലാം തെളിമയോടെ നിറഞ്ഞുനിൽക്കും. സംസ്ഥാനത്തെ മൊത്തം ക്രമസമാധാനച്ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നതെന്നത് അവഗണിക്കാവുന്നതല്ല. അതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസിനു സമാന്തരമായി പൊളിറ്റിക്കൽ സെക്രട്ടറിയുടെ കീഴിൽ മറ്റൊരു സമാന്തര സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തിനും മറുപടി പറയേണ്ടതുണ്ട്. ഇടതുപക്ഷ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജൻ എന്ന സമുന്നതനെ പുറത്താക്കിയ തീരുമാനത്തിൽ പാർട്ടി വിവാദത്തിൽപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് എ.ഡി.ജി.പിക്കും എസ്.പിക്കുമെതിരെ ഞെട്ടിക്കുന്ന ആരോപണ വേലിയേറ്റം ഉണ്ടായിരിക്കുന്നത്. പൊലീസ് തലപ്പത്തുള്ളവർ തങ്ങളെ ഏല്പിച്ചിട്ടുള്ള ചുമതല നേരാംവണ്ണം നിർവഹിക്കുന്നില്ലെങ്കിൽ കൈയോടെ കണ്ടുപിടിക്കാനും തിരുത്താനും സർക്കാരിനു കഴിയേണ്ടതാണ്. തന്റെ കീഴിൽ നടക്കുന്ന അരുതാത്ത കാര്യങ്ങൾ ഡി.ജി.പിയും അറിയുന്നില്ലെന്നല്ലേ മനസ്സിലാക്കേണ്ടത്.