കിളിമാനൂർ: ടാർപ്പോളിനും കമ്പുകളും കൊണ്ട് ഒരു ചെറ്റമാടമെങ്കിലും ഉണ്ടായിരുന്നു.ലൈഫ് മിഷൻ വീടിനായി അതും പൊളിച്ചു.ഇതോടെ കിടക്കാൻ പോലും ഇടമില്ലെന്ന് ലൈഫ് മിഷൻ ഭവനത്തിൽപ്പെട്ട ഒരു വീട്ടമ്മ പരാതിപ്പെടുന്നു. നിർമ്മാണ പുരോഗതിയനുസരിച്ചുള്ള പണം ലഭിക്കാത്തതിനാൽ,ലൈഫ് പദ്ധതിയിലെ ഭവന നിർമ്മാണം പ്രതിസന്ധിയിലായിരിക്കുകയാണ്.
സാമ്പത്തികവർഷം ആരംഭിച്ച് അഞ്ച് മാസമായിട്ടും ആദ്യഗഡുപോലും കിട്ടാത്ത നിരവധി പേരാണുള്ളത്. പല പഞ്ചായത്തുകളിലും 2022-23, 2023- 24 സാമ്പത്തിക വർഷങ്ങളിൽ കരാറൊപ്പിട്ട വലിയൊരു വിഭാഗത്തിന്റെ വീട് നിർമ്മാണമാണ് മുടങ്ങിക്കിടക്കുന്നത്. ആദ്യഗഡു ലഭിക്കാത്തതിനാൽ മാസങ്ങൾക്ക് മുൻപ് കരാറൊപ്പിട്ടവർക്ക് വീട് നിർമ്മാണം ആരംഭിക്കാനും കഴിഞ്ഞിട്ടില്ല. മറ്റ് പലർക്കും ആദ്യ ഗഡു കിട്ടിയെങ്കിലും തുടർന്ന് ലഭിക്കാത്തതിനാൽ നിർമ്മാണം പാതിവഴിയിലാണ്. കടം വാങ്ങി തുടർനിർമ്മാണം ആരംഭിച്ചവരും പെട്ടിരിക്കുകയാണ്. പഴയകുന്നുമ്മൽ പഞ്ചായത്തിൽ ആകെ 90 വീടുകളിൽ രണ്ട് വീടുകൾ മാത്രമാണ് പൂർത്തിയായത്. മറ്റ് പഞ്ചായത്തുകളിലും സമാനമായ അവസ്ഥയാണുള്ളത്.
ഹഡ്കോ വായ്പ തീരുന്നു
ലൈഫ് ഗുണഭോക്താക്കൾക്ക് പണം നൽകാൻ സർക്കാർ പഞ്ചായത്തുകൾക്ക് 2018, 2022 വർഷങ്ങളിലെടുത്ത വായ്പ ഈ സാമ്പത്തികവർഷം തിരഞ്ഞെടുത്ത എല്ലാവർക്കും നൽകാൻ തികയില്ല. പുതിയ വായ്പയ്ക്കുള്ള ചർച്ചകൾ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നതേയുള്ളൂ.
ഇതുവരെ ഒരു ഗുണഭോക്താവിന് 2,20,000 രൂപ വീതമാണ് ഹഡ്കോ വായ്പയായി ലഭിച്ചിരുന്നത്. അടുത്ത വായ്പയിൽ ഒരു ഗുണഭോക്താവിന് 2,09,420 രൂപ വീതമേ ലഭിക്കൂ.അതുകൊണ്ട് ഓരോരുത്തർക്കും പതിനായിരം രൂപ വീതം പഞ്ചായത്തുകൾ അധികം വകയിരുത്തേണ്ടിവരും.
നിലവിലെ അവസ്ഥ
 ഹഡ്കോ വായ്പ 2,20,000 രൂപ
 സർക്കാർ വിഹിതം: ഒരു ലക്ഷം
 പഞ്ചായത്ത് വിഹിതം: 40,000 രൂപ
 ജില്ലാപഞ്ചായത്ത് വിഹിതം: 20,000 രൂപ
 ബ്ലോക്ക് പഞ്ചായത്ത് വിഹിതം: 2,0000 രൂപ
 ഒരു ഗുണഭോക്താവിന് ലഭിക്കുന്നത്: 4 ലക്ഷം
 ഇനി പഞ്ചായത്തുകളുടെ കുറഞ്ഞ വിഹിതം 5,00,000 ആകും. 2020ലെ ഗുണഭോക്തൃപട്ടികയിൽ നിന്ന് ഓരോ പഞ്ചായത്തിലും വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് വീട് നൽകിയത്.