
നേമം: ദേശീയപാതയിൽ പ്രാവച്ചമ്പലത്തു നിന്ന് തിരിയുന്ന ഊരൂട്ടമ്പലം - കാട്ടാക്കട റോഡിലെ റെയിൽവേ പാലം മുതൽ അരിക്കടമുക്ക് വരെയുള്ള റോഡ് തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി.കുണ്ടും കുഴിയുമായ ഈ റോഡിൽ അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ മൗനത്തിലാണ്.
ഏഴ് മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഈ റോഡ് ഉൾപ്പെടെ സമീപത്തെ പ്രാവച്ചമ്പലം - ഊരൂട്ടമ്പലം - വലിയറത്തല,നരുവാമൂട് - എരുത്താവൂർ,മുടവൂർപ്പാറ - വലിയറത്തല,എരുത്താവൂർ - നരുവാമൂട് എന്നീ നാല് ലിങ്ക് റോഡുകളുടെ മഴക്കാല പൂർവ അറ്റകുറ്റപ്പണികൾ കോടികൾ ചെലവിട്ട് പൂർത്തിയാക്കിയത്.എന്നാൽ റെയിൽവേ പാലം മുതൽ അരിക്കടമുക്ക് വരെയുള്ള റോഡ് മുഴുവൻ ഒലിച്ചുപോയി വൻ ഗർത്തങ്ങളായി കിടക്കുകയാണ്. ദേശീയപാതയേക്കാൾ തിരക്കേറിയ റോഡാണിത്.മിക്കപ്പോഴും ഇവിടെ ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണ് അപകടമുണ്ടാകാറുണ്ട്. പ്രാവച്ചമ്പലം മുതൽ മൊട്ടമൂട് വരെ റോഡിന് ഇരുവശത്തും ഓടയില്ലാത്തതിനാലാണ് കനത്ത മഴയിൽ റോഡ് കുത്തിയൊലിച്ച് പോയി തകരാൻ കാരണം.ഐ.ബി.സതീഷ് എം.എൽ.എയുടെ ഇടപെടലിലൂടെ ഓടയില്ലാത്ത ദൂരമത്രയും മഴവെള്ളം ഒഴുക്കി വിടാൻ റോഡിന്റെ ഓരം ചേർത്ത് പൈപ്പിട്ട് റെയിൽവേയുടെ വശത്തെ ഓടയുടെ കൾവെർട്ടിലൂടെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന് റെയിൽവേയുടെ അനുമതി വേണമെന്നാണ് പ്രശ്നം. റെയിൽവേ വികസനത്തോടനുബന്ധിച്ച് ഇവിടെ പുതിയ ഫ്ലൈഓവർ വരുന്നതിനാലാണ് റെയിൽവേയുടെ അനുമതി വൈകുന്നതെന്ന് റോഡിന്റെ കോൺട്രാക്ടർ പറയുന്നു. റെയിൽവേ വികസനത്തോടനുബന്ധിച്ച് ഈ ഭാഗം റെയിൽവേ ഏറ്റെടുത്തിരിക്കുന്നതും റോഡിലൂടെയുള്ള യാത്ര ദുഷ്കരമാക്കിയിരിക്കുകയാണ്.