തിരുവനന്തപുരം: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ അണ്ടൂർക്കോണം സ്‌മാർട്ട് വില്ലേജ് ഓഫീസ് നാളെ വൈകിട്ട് 3.30ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും. എം.പിമാരായ അടൂർ പ്രകാശ്, എ.എ റഹിം എന്നിവർ മുഖ്യാതിഥികളാവും. 44 ലക്ഷം രൂപ വിനിയോഗിച്ചാണ് വില്ലേജ് ഓഫീസ് മന്ദിരം നിർമ്മിച്ചത്.നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ 11 വില്ലേജ് ഓഫീസുകളിൽ നെടുമങ്ങാട്, കരിപ്പൂർ, പള്ളിപ്പുറം, അണ്ടൂർക്കോണം വില്ലേജ് ഓഫീസുകൾ സ്‌മാർട്ട് വില്ലേജ് ഓഫീസുകളാക്കി.മാണിക്കൽ, കോലിയക്കോട്, വെമ്പായം, കീഴ്‌തോന്നയ്‌ക്കൽ വില്ലേജ് ഓഫീസുകളുടെ നിർമ്മാണ അനുമതിക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. കരകുളം വില്ലേജ് ഓഫീസ് നവീകരണം വഴിയും തേക്കട വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിച്ചും സ്മാർട്ട് ഓഫീസുകളാക്കി മാറ്റും. തിരുവനന്തപുരം താലൂക്കിൽ ആകെ 31 വില്ലേജ് ഓഫീസുകളിൽ 26 എണ്ണം സ്‌മാർട്ട് വില്ലേജ് ഓഫീസുകളാണ്.