തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട് റവന്യൂ ടവറിന്റെ ഉദ്ഘാടനവും പട്ടയ വിതരണവും നാളെ വൈകിട്ട് 5ന് മന്ത്രി കെ.രാജൻ നിർവഹിക്കും. നെടുമങ്ങാട് റവന്യൂ ടവർ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ അടൂർ പ്രകാശ്,ശശി തരൂർ,എ.എ.റഹിം എന്നിവർ പങ്കെടുക്കും.നെടുമങ്ങാട് റവന്യൂ ഡിവിഷണൽ ഓഫീസ്,നെടുമങ്ങാട് താലൂക്ക് ഓഫീസ് എന്നിവയ്ക്കായി കിഫ്ബി ധനസഹായത്തോടുകൂടി 9.75 കോടി ചെലവഴിച്ചാണ് റവന്യൂ ടവർ നിർമിച്ചത്.പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ ബിൽഡിംഗ്സിനായിരുന്നു നിർവഹണച്ചുമതല. റവന്യൂ ടവറിന് 540 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുള്ള നാല് നിലകളും 157 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്റ്റെയർകേസ് റൂമും മെഷീൻ റൂമും ഉൾപ്പെടും.
ഒന്നും രണ്ടും നിലകൾ നെടുമങ്ങാട് താലൂക്ക് ഓഫീസിനും മൂന്നാം നില ഇലക്ഷൻ ഓഫീസിനും നാലാം നില നെടുമങ്ങാട് റവന്യു ഡിവിഷണൽ ഓഫീസിന് വേണ്ടിയുമാണ് ക്രമീകരിച്ചിരിക്കുന്നത്.നെടുമങ്ങാട് നഗരസഭ പരിധിയിലെ 32 പട്ടയങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.