busstand

വർക്കല: വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷന് മുന്നിലുള്ള പ്രധാന റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വിഭാവനം ചെയ്ത ബസ് സ്റ്റാൻഡ് നിലവിൽ ബസ് പാർക്കിംഗ് കേന്ദ്രമായി ഒതുങ്ങി. സ്വകാര്യ ബസുകളുടെ ഇടവേളകളിൽ ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുള്ള ഒരിടം മാത്രമാണ് നിലവിൽ സ്റ്റാൻഡ്.

ഏറെനാളത്തെ നാട്ടുകാരുടെ ആവശ്യത്തിനൊടുവിലാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിനായി നഗരസഭ 2002 ൽ പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയത്. വസ്തുവിനായി മാത്രം 20 കോടിയോളം രൂപ നഗരസഭ ചെലവാക്കിയിരുന്നു. 2004 ൽ ഉദ്ഘാടനം കഴിഞ്ഞതു മുതൽ സ്റ്റാൻഡിന് അകത്തേക്ക് ചില ബസുകൾ മാത്രമാണ് കയറുന്നത്. നഗരസഭ ബസ് ടെർമിനൽ എന്നെഴുതിയ കവാടത്തിനു മുന്നിൽ തന്നെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് സർവീസ് നടത്തുന്ന പ്രവണതയ്ക്ക് സ്വകാര്യ ബസ്‌ ജീവനക്കാർ ചുക്കാൻപിടിച്ചു.

 ഗതാഗതക്കുരുക്ക് രൂക്ഷം

യാത്രക്കാർ പ്രധാന റോഡിലോ ടെർമിനൽ കവാടത്തിലോ നിന്ന് ബസിൽ കയറി യാത്രചെയ്യുന്നതാണ്

ബസ് ജീവനക്കാർക്ക് സർവീസ് നടത്താൻ സൗകര്യം. റെയിൽവേ സ്റ്റേഷന് മുന്നിൽ ബസ് നിറുത്തി യാത്രക്കാരെ കയറ്റുന്നത് മിക്ക സമയങ്ങളിലും പ്രധാന റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

 ബുദ്ധിമുട്ടുകൾ പരിഹരിച്ചിട്ടും ഫലമില്ല...

ബസ് സ്റ്റാൻഡിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടായി ബസുകാർ ചൂണ്ടിക്കാട്ടിയത് സ്റ്റാൻഡിനുള്ളിലെ 18 ഓളം വരുന്ന ഹമ്പുകളും റോഡിലെ കട്ടറുകളുമാണ്. നഗരസഭയുടെ മേൽനോട്ടത്തിൽ നടന്ന ചർച്ചകളിൽ റോഡ് നവീകരിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന തീരുമാനവും നഗരസഭ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി ഹമ്പുകൾ നീക്കം ചെയ്ത് റോഡ് റീ ടാർ ചെയ്തെങ്കിലും ഫലമുണ്ടായില്ല. സ്റ്റാൻഡിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രവും നശിച്ചുതുടങ്ങി.

 വരുമാനം തുച്ഛം

2.7 ലക്ഷം രൂപയ്ക്കാണ് ബസ് സ്റ്റാൻഡ് നഗരസഭ ലേലത്തിന് നൽകിയിട്ടുള്ളത്. കരാറുകാരൻ സർവീസ്‌ അനുസരിച്ച് പണം അടയ്ക്കുന്നതിനാൽ ബസുകൾ സ്റ്റാൻഡിൽ കയറാത്തത് വരുമാന ഇടിവ് ഉണ്ടാകുന്നില്ല. കോടികളുടെ മുതൽമുടക്കിൽ നിന്നും തുച്ഛമായ തുക മാത്രമാണ് നഗരസഭയ്ക്ക് ലഭിക്കുന്നത്.