
തിരുവനന്തപുരം:നാലുവർഷം മുമ്പ് പ്രോവിഡന്റ് ഫണ്ടിലേക്ക് മാറ്റിയ ക്ഷാമബത്ത കുടിശിക പിൻവലിക്കാൻ അനുവദിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം.എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ.കെ.പി യും ആവശ്യപ്പെട്ടു. 81ദിവസത്തെ വേതനത്തിന് തുല്യമായ തുക സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പി.എഫിലേക്ക് മാറ്റിയത്. നാലുവർഷത്തിന്ശേഷം പിൻവലിക്കാമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ
സന്ദർശനാനുമതി
ഇടുക്കി: ഓണം അവധി പരിഗണിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഇന്നുമുതൽ സന്ദർശകർക്ക് തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇരുഡാമുകളിലും നടക്കുന്ന അറ്റകുറ്റപ്പണികൾ തടസ്സപ്പെടാത്ത രീതിയിൽ കർശന നിബന്ധനകളോടെയാകും മൂന്നു മാസത്തേക്ക് സന്ദർശകരെ അനുവദിക്കുന്നത്. ഡാമിൽ സാങ്കേതിക പരിശോധനകൾ നടത്തുന്ന ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ മുതൽ വൈകിട്ട് 5 മണി വരെയാണ് പാസ് മൂലം പ്രവേശനം നൽകുക.
കസ്റ്റഡി മരണം: സുജിത് ദാസിനെ പ്രതിചേർക്കണമെന്ന്
തിരൂരങ്ങാടി : താനൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കേ യുവാവ് മരിച്ച സംഭവത്തിൽ മലപ്പുറം മുൻ എസ്.പി. സുജിത് ദാസിനെ പ്രതി ചേർക്കണമെന്ന് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടു. ക്രൂര മർദ്ദനമാണ് മരണകാരണമെന്ന് സമ്മതിക്കുന്നതാണ് പുറത്തുവന്ന ഫോൺ സംഭാഷണം. ഇത് പുറത്തുവിട്ട പി.വി. അൻവറിന്റെ മൊഴി സി.ബി.ഐ തെളിവായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ജോലിയിൽ പ്രവേശിച്ച്
അർജുന്റെ ഭാര്യ കൃഷ്ണപ്രിയ
കോഴിക്കോട്: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട ഡ്രെെവർ അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയ വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജൂലായ് 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്.
മദ്യനയക്കേസിൽ വിജയ് നായർക്ക് ജാമ്യം
ന്യൂഡൽഹി : മദ്യനയക്കേസിൽ ആംആദ്മി പാർട്ടിയുടെ മാദ്ധ്യമവിഭാഗം ചുമതലക്കാരനായ വിജയ് നായർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇ.ഡി കേസിലാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരുടെ നടപടി. 23 മാസമായി ജയിലിലാണ് വിജയ് നായർ. വിചാരണ സമയബന്ധിതമായി പൂർത്തിയാകുന്ന സാഹചര്യമില്ലെന്നും, കേസിൽ 350ൽപ്പരം സാക്ഷികളെ വിസ്തരിക്കാനുള്ളതും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.