
കോവളം: ബൈപ്പാസിൽ തിരുവല്ലം മുതൽ മുട്ടത്തറ വരെയുള്ള ഓടയുടെ സ്ളാബ് നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാത അതോറിട്ടി നീക്കിയ മാലിന്യങ്ങൾ റോഡുവശത്ത് കോരിയിട്ടതോടെ ഇവിടെ താമസിക്കുന്നവരും കച്ചവടക്കാരും ദുരിതത്തിലായി. രൂക്ഷമായ ദുർഗന്ധം കാരണം ഇതുവഴി നടക്കാനാകാത്ത സ്ഥിതിയാണ്. ചെറിയൊരു മഴയിൽപോലും വീടുകളുടെ പരിസരത്തേക്ക് മാലിന്യം ഒലിച്ചെത്തും. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ സ്ഥിതി ഗുരുതരമാകും. പകർച്ചവ്യാധികൾ പിടിപെടുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ബൈപ്പാസിൽ പരുത്തിക്കുഴി പ്രദേശത്ത് റോഡിന്റെ പലഭാഗത്തായി മാലിന്യങ്ങൾ ചിതറിക്കിടക്കുകയാണ്. മുട്ടത്തറ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന് മുന്നിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി. കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമായെത്തുന്നവരും ബൈപ്പാസിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുമാണ് മാലിന്യം തള്ളുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്.രാത്രികാലങ്ങളിൽ ഓടകളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നഗരസഭ രൂപീകരിച്ച സ്‌ക്വാഡും നഗരപ്രദേശത്ത് മാത്രമാണ് പരിശോധന നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
 നീക്കേണ്ടത് എൻ.എച്ച്.എ.ഐ
ഓടകളിലെ മാലിന്യം നീക്കം ചെയ്യുന്നത് എൻ.എച്ച്.എ.ഐയുടെ ജോലിയാണെന്നാണ് കോർപ്പറേഷന്റെ നിലപാട്. നേരത്തെ മാലിന്യം നീക്കാൻ എൻ.എച്ച്.എ.ഐ മുൻകൈയെടുത്തിരുന്നു. എന്നാൽ ഓടകളിൽ മാലിന്യം നിക്ഷേപം വർദ്ധിച്ചതോടെ പലവട്ടം നഗരസഭയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് എൻ.എച്ച്.എ.ഐ അധികൃതർ പറയുന്നത്. നാട്ടുകാർ പരാതിയുമായി കോർപ്പറേഷനെ സമീപിച്ചപ്പോൾ വേഗത്തിൽ നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല. അതേസമയം, പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ പറഞ്ഞു. കൂടാതെ ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കുകയും മാലിന്യനിക്ഷേപത്തിൽ നിന്ന് പിന്മാറാൻ ജില്ലാ ഭരണകൂടം മുന്നോട്ടു വരണമെന്നും ബൈപ്പാസ് അധികൃതർ പറഞ്ഞു.