
സംസ്ഥാനത്തെ പൊലീസ് സേനയുടെ തലപ്പത്തുള്ളവരിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളെ മുൻ എസ്.പി എൻ. സുഭാഷ് ബാബു വിശകലനം ചെയ്യുന്നു.
എളിമയോടെ നിൽക്കുന്നവരെ അടിമകളാക്കി സ്വയം അധികാര കേന്ദ്രങ്ങളായി മാറുന്ന സ്ഥിതിയാണ് കുറച്ചുകാലങ്ങളായി സംസ്ഥാന പൊലീസ് സേനയിൽ നടക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെയും അധികാര കേന്ദ്രങ്ങളുടെയും ഇംഗിതങ്ങൾ സാക്ഷാത്കരിക്കാൻ എന്തും ചെയ്തുകൊടുക്കാൻ തയ്യാറുള്ള സംഘമായി പൊലീസ് അധഃപതിച്ചത് ലജ്ജാകരമാണ്.
പൊലീസിന്റെ മൂല്യച്യുതി സംബന്ധിച്ച പ്രകടമായ ഉദാഹരണമാണ് എം.എൽ.എയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. ഇതിന് പിന്നിൽ എന്തെങ്കിലും വിദ്വേഷമോ വൈരാഗ്യമോ ഉണ്ടായിരിക്കുമെങ്കിലും പൊലീസിന്റെ ഉന്നതതലങ്ങളിലുള്ളവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും അധികാര ദുർവിനിയോഗങ്ങളുടെയും നേർസംഭവങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഉന്നത പദവികളിരിക്കുന്നവരെ പോലും അപ്രസക്തരാക്കി സ്വയം അധികാര കേന്ദ്രങ്ങളായി മാറുകയും, കാര്യങ്ങളെല്ലാം അവരുടെ നിയന്ത്രണത്തിൽ നടത്താൻ ശ്രമിക്കുന്നതുമാണ് കുറേക്കാലമായി പൊലീസ് തലപ്പത്ത് നടക്കുന്നത്. വരുതിയിൽ നിൽക്കുന്ന ഉദ്യോഗസ്ഥരെ മാത്രം ജില്ലാ പൊലീസ് മേധാവികളാക്കുകയും അജ്ഞാനുവർത്തികളാക്കി നിയന്ത്രിക്കുകയും മേലാധികാരികളെ അപ്രസക്തരാക്കി അധികാരം കൈയാളുകയും ചെയ്യുന്നെന്നുള്ള ആരോപണങ്ങൾ കേരളത്തിൽ കേട്ടിട്ടില്ലാത്ത കാര്യങ്ങളാണ്. ആരോപണങ്ങൾ ശരിയാണെങ്കിൽ പൊലീസിനെ നശിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ആജ്ഞാനുവർത്തികളായവർക്കേ ഉന്നത പദവികളിലിരിക്കാൻ കഴിയൂ എന്ന സ്ഥിതിയും അപകടകരമാണ്. ഇത് സേനയിലുള്ള മറ്റുള്ളവരുടെ ആത്മബലവും ആത്മാർത്ഥതയും വിശ്വാസ്യതയും കൂട്ടുത്തരവാദിത്വവും ഇല്ലാതാക്കും.
ചോദ്യം ചെയ്യപ്പെടുന്ന വിശ്വാസ്യത
സേനയുടെ തലപ്പത്തിരിക്കുന്നവർക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ വിശ്വാസയോഗ്യമായ രീതിയിൽ ആര് അന്വേഷണം നടത്തുമെന്ന ചോദ്യമാണ് ഇനിയും ഉയരാനിടയുള്ളത്. അധികാര കേന്ദ്രങ്ങളുണ്ടാക്കിയ ലോബിയിൽ കുടുങ്ങാത്തവർ ആരെങ്കിലും ശേഷിക്കുന്നുണ്ടോയെന്നും എനിക്ക് സംശയമുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ഗുരുതര കുറ്റാരോപണങ്ങളിൽ നിഷ്പക്ഷവും കൃത്യവുമായ അന്വേഷണവും ശക്തമായ നടപടിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.
രാഷ്ട്രീയ സ്വാധീനം കൂടി അടിമുടി അച്ചടക്ക പരിപാലനം നഷ്ടമായതാണ് പൊലീസിനെ ഈ അവസ്ഥയിലെത്തിച്ചത്. മുകളിൽ നിന്ന് താഴേത്തട്ട് വരെയുള്ള ചെയിൻ ഒഫ് ഡിസിപ്ലിനിൽ ഇപ്പോൾ ചെയിനുമില്ല, ഡിസിപ്ലിനുമില്ല. രാഷ്ട്രീയ നേതാവിന്റെ ഇംഗിതങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയുള്ള നിയമപാലനം മാത്രമാണ് പൊലീസ് സ്റ്റേഷൻ തലത്തിൽ വരെ നടക്കുന്നതെന്നത് യാഥാർത്ഥ്യമാണ്.
അച്ചടക്കമില്ലായ്മ പരിഹരിക്കണം
ഉന്നത പദവികളിലുള്ളവരാണെങ്കിലും അച്ചടക്കമില്ലായ്മ ഉണ്ടാകുന്നത് ഗൗരവമായി കണക്കാക്കണം
ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപാടുകളും ബന്ധങ്ങളും പരിശോധിച്ച് ആരോപണവിധേയരെ മാറ്റണം
അധികാര ശ്രേണി വ്യക്തമായി നിലനിറുത്താൻ രാഷ്ട്രീയ നേതൃത്വം ശക്തമായ ഇടപെടൽ നടത്തണം
ഉന്നത ഉദ്യോഗസ്ഥരുടെ ഇടയിലുള്ള അസംതൃപ്തിയും പടലപ്പിണക്കവും പരിഹരിക്കണം
ഉദ്യോഗസ്ഥർ സ്വയം അധികാര കേന്ദ്രങ്ങളാകുന്ന പ്രവണത അനുവദിക്കരുത്