ppd-accident

നേമം: പാപ്പനംകോട് ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരുമായെത്തിയ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിടിച്ച് ഏഴ് പേർക്ക് പരിക്ക്.പരിക്കേറ്റ യാത്രക്കാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.രണ്ട് മണിക്കൂറോളം പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി.

തിങ്കളാഴ്ച പുലർച്ചെ 5ഓടെയാണ് കരമന - കളിയിക്കാവിള ദേശീയപാതയിലെ പാപ്പനംകോട് വച്ച് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിറുത്തിയിട്ടിരുന്ന മറ്റൊരു ബസിലിടിച്ചത്. കനത്ത മഴയിൽ മുന്നിൽപ്പോയ പെട്ടി ഓട്ടോ പെട്ടെന്ന് നിറുത്തിയപ്പോൾ അതിനെ ഇടിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ വെട്ടിച്ചപ്പോഴായിരുന്നു സംഭവം.അപകടത്തിൽ നെയ്യാറ്റിൻര ഡിപ്പോയിലെ ഡ്രൈവർ,പാപ്പനംകോട് നിന്ന് കയറിയ ചെക്കിംഗ് ഇൻസ്‌പെ‌ക്ടർ ഉൾപ്പെടെ ബസിലുണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്.അപകടത്തെ തുടർന്ന് ഏറെനേരം ഇതുവഴിയുള്ള ഗതാഗതം താറുമാറായി.കരമന പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.