തിരുവനന്തപുരം: മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി സ്വന്തമാക്കാൻ വ്യാജ ടിക്കറ്റുമായെത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ തിരുനൽവേലി. മായമ്മാർകുറിച്ചി ഗുരുവാങ്കോയിൽ പിള്ളയാർകോവിൽ സ്ട്രീറ്റ് നം.7/170 എയിൽ സെൽവകുമാറിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പമെത്തിയ സുഹൃത്തും കസ്റ്റഡിയിലാണ്.
ആഗസ്റ്റ് അഞ്ചിന് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് രണ്ടാഴ്ച മുമ്പ് ലോട്ടറി ഡയറക്ടറേറ്റിൽ ഏൽപിച്ചിട്ടുണ്ട്. അതിന്റെ നടപടി പൂർത്തിയാകുന്നതിനിടയിലാണ് വ്യാജ ടിക്കറ്റുമായി സെൽവകുമാറെത്തിയത്. തുടർന്ന് ടിക്കറ്റ് വാങ്ങിവച്ച ലോട്ടറി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വ്യാജ ടിക്കറ്റിൽ ലോട്ടറിയുടെ സീലും ഡയറക്ടറുടെ ഒപ്പും ക്യൂ.ആർ കോഡുമടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നു.