1

തിരുവനന്തപുരം: വൻകിട വ്യവസായികൾക്ക് ഭൂമിയുള്ള കവടിയാറിന്റെ ഹൃദയഭാഗത്താണ് എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് തലസ്ഥാനത്ത് കൊട്ടാര സമാനമായ മണിമാളിക ഒരുങ്ങുന്നത്. വെള്ളയമ്പലം-കവടിയാർ റോഡിൽ നിന്ന് അൽപ്പം ഉള്ളിലേക്ക് മാറി ഗോൾഫ് ക്ലബിനടുത്ത് കവടിയാർ പാലസ് അവന്യൂവിലാണ് വീട്. മുൻ എ.ഡി.ജിപി ശാന്താറാമും ഇവിടെയാണ് താമസിക്കുന്നത്.

ഭൂഗർഭ നിലയുൾപ്പെടെ മൂന്ന് നില കെട്ടിടമാണ് കവടിയാറിലെ കണ്ണായ ഭൂമിയിൽ അജിത് കുമാർ പണിയുന്നത്. പഴയ കാലത്തെ വലിയ തറവാടും പുതിയ കാലത്തെ ഡിസൈനും സംയുക്തമായി ചേ‌ർത്തുള്ള ആഡംബര വീടാണ് പ്ളാനിലുള്ളത്. പി.വി.അൻവർ എം.എൽ.എയാണ് വീടിന്റെ വിവരങ്ങൾ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്.

ഫെബ്രുവരിയിലായിരുന്ന വീടിന് തറക്കല്ലിട്ടത്.ഏറ്റവും അടുത്ത ഐ.എ.എസ്, ഐ.പി.എസ് സുഹൃത്തുക്കളാണ് ആ ചടങ്ങിൽ പങ്കെടുത്തത്.10സെന്റ് ഭൂമിയിലാണ് വീട്. നിലവിൽ ഭൂ‌ഗ‌ർഭ അറയുടെ ജോലികളാണ് നടക്കുന്നത്. തറയിൽ നിന്ന് 12അടി താഴ്ചയിലാണ് ഭൂഗ‌ർഭ അറ.പാർക്കിംഗ് ഉൾപ്പടെ ഇവിടെയാണ്.വീടിനുള്ളിൽ ചെറിയ ലിഫ്റ്റ് സൗകര്യമുൾപ്പെടെ ആഡംബര സൗകര്യങ്ങളാണ് പ്ളാനിലുള്ളത്. വീട് നിർമ്മാണ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഷെഡ്ഡിൽ വിശദമായ പ്ളാനിന്റെ രേഖ സ്ഥാപിച്ചിട്ടുണ്ട്.ഇതിനൊപ്പം ഓപ്പൺ ബാത്ത് പ്ലേസ് എന്ന് ചേർത്തിട്ടുണ്ട്. ഇത് സിമ്മിംഗ്പൂളിന് വേണ്ടിയാകാം.

2024 ജനുവരിയിലാണ് ഈ കെട്ടിടത്തിന് നിർമാണത്തിന് അനുമതി ലഭിച്ചത്. വീടിന്റെ താഴത്തെ ബേസ്‌മെന്റിന് 2000ചതുശ്ര അടിക്ക് മുകളിലാണ് വിസ്തീർണം. താഴത്തെ നിലയിൽ അതിഥികൾക്കായുള്ള മുറികളുടെ സ്ഥലവും പ്ളാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. .2008ലാണ് അജിത് കുമാർ ഇവിടെ ഭൂമി വാങ്ങിയതെന്നാണ് സൂചന.അടുത്ത കാലം വരെ ഒരു സെന്റിന് 65 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് ഇവിടെത്തെ വില.

ഭൂമിവാങ്ങിയത് 2005ൽ

സെന്റിന് 10 ലക്ഷം രൂപയ്ക്ക് 2005ലാണ് ഈ ഭൂമി വാങ്ങിയതെന്നാണ് വിവരം. നിർമ്മാണം നടത്താൻ അനുമതിയില്ലാത്ത സോണിലായിരുന്നു. അടുത്തിടെയാണ് ഇത് ഗ്രീൻസോണായത്. 4800 ചതുരശ്രഅടി വീടിനാണ് നഗരസഭയിൽ നിന്ന് നിർമാണ അനുമതി ലഭിച്ചത്. വീടുനിർമ്മാണത്തിന് എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടിയുടെ വായ്പയുണ്ട്. ആദ്യഗഡു 15ലക്ഷം കിട്ടിയിട്ടുമുണ്ട്. ഈ സ്ഥലത്ത് ഭൂമിക്കു മുകളിൽ രണ്ടു നിലകളേ പാടുള്ളുവെന്ന് അജിത്കുമാറുമായി അടുപ്പമുള്ളവർ വിശദീകരിച്ചു.