
തിരുവനന്തപുരം: 'മന്ത്രി ഔട്ട് ഓഫ് സ്റ്റേഷനാണ്..'ഈ മാസം ആദ്യം തന്നെ ശമ്പളം മുഴുവൻ ഒറ്റത്തവണയായി നൽകുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്നലെ മേലധികാരികളെ വിളിച്ചപ്പോൾ ലഭിച്ച മറുപടിയാണിത്.
. കേരള ബാങ്കിന്റെ വായ്പയിലാണ് കോർപ്പറേഷന് പ്രതീക്ഷ. 100 കോടി രൂപ വായ്പ നൽകാൻ നേരത്തെ ധാരണയായെങ്കിലും തുക അനുവദിച്ചിട്ടില്ല. 78 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. വായ്പയ്ക്ക് സർക്കാർ ഗ്യാരണ്ടി റപ്പു നൽകിയതാണ്. മറ്റ് ബാങ്കുകളുമായും ചർച്ച നടത്തുന്നു. ഓണത്തിന് മുമ്പ് ശമ്പളം ഒറ്റത്തവണയായി ശമ്പളം നൽകാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ പറഞ്ഞു.
മന്ത്രി കെ.ബി.ഗണേഷ് കുമാർ ഗൾഫിലാണ്. ആറിന് മടങ്ങിയെത്തും. അഞ്ചിനാണ് ശമ്പളം നൽകേണ്ടത്. ഗഡുക്കളായി ശമ്പള വിതരണമായപ്പോൾ പത്തിലേക്ക് മാറ്റിയിരുന്നു. ചെലവ് കഴിഞ്ഞ് ശമ്പളത്തിന് മിച്ചമൊന്നും അക്കൗണ്ടിലില്ല. ബാങ്ക് കൺസോർഷ്യത്തിൽ നിന്നും അധിക വായ്പ വൈകുന്നതു കൊണ്ടാണ് കേരള ബാങ്കിനെ സമീപിച്ചത്. എസ്.ബി.ഐ നേതൃത്വം നൽകുന്ന കൺസോർഷ്യത്തിൽ നിന്നും 3100 കോടി രൂപ 2018 ൽ കെ.എസ്.ആർ.ടി.സി കടമെടുത്തിട്ടുണ്ട്. ഇതുവരെയുള്ള തിരിച്ചടവ് പരിഗണിച്ച് 450 കോടി രൂപ കൂടി ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
അതിനിടെ,ഓണത്തിനു മുമ്പ് ഒറ്റത്തവണയായി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.