photo

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ അഞ്ച് വള്ളങ്ങൾ അപകടത്തിൽപ്പെതിനെ തുടർന്ന് അഞ്ചു പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനു പോയ ഫിഷറീസ് റെസ്‌ക്യൂ ഗാർഡുകൾ സഞ്ചരിച്ചിരുന്ന ബോട്ടും അപകടത്തിൽപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് അപകടങ്ങളുടെ തുടക്കം. ജറുസലേം എന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയാണ് ആദ്യ അപകടമുണ്ടായത്. നാലു മത്സ്യത്തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു. പിന്നാലെ ഫാത്തിമ എന്ന വള്ളം അപകടത്തിൽപ്പെട്ടു. ഇതിലുണ്ടായിരുന്ന മൂന്നുപേരിൽ പീറ്റർ എന്ന മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇയാളെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മൂന്ന് പേരുമായി പോയ കൊല്ലി എന്ന വള്ളവും അപകടത്തിൽപ്പെട്ടു. ഇതിനിടെ രക്ഷപ്രവർത്തനത്തിന് പോയ ബോട്ടും അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞു. നാലു ലൈഫ് ഗാർഡുകളാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ കവിളെല്ല് പൊട്ടിയ സജു ആന്റണിയെ (42)​ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ക്രിസ്റ്റി, ജഗൻ എന്നീ ലൈഫ് ഗാർഡുകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുക്കുറുച്ചി സ്വദേശി നവാസിന്റെ യാസീൻ എന്ന വള്ളമാണ് തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടമായി പുലിമുട്ടിലേക്ക് ഇടിച്ചുകയറിയത്. മൂന്ന് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം പൂർണമായും നശിച്ചു. എട്ട് ലക്ഷത്തോളം നഷ്ടം കണക്കാക്കുന്നു. മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്‌മെന്റും മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. മൂന്ന് വള്ളങ്ങൾ മുങ്ങി. ഇതിൽ ലൈഫ് ഗാർഡുകൾ സഞ്ചരിച്ച വള്ളം കണ്ടെത്തി. മറിഞ്ഞ വള്ളം നിവർത്തുന്നതിനിടെ കപ്പി തലയിൽ വീണ് വെട്ടൂർ സ്വദേശി നവാസിനും പരിക്കേറ്റിട്ടുണ്ട്.