
കിളിമാനൂർ: കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കുണ്ടും കുഴിയും മാറ്റി ജൂലായ് 31നകം റോഡ് നന്നാക്കുമെന്ന് എം.എൽ.എ പ്രഖ്യാപിച്ചിട്ട് മാസം ഒന്നുകഴിഞ്ഞു. നിലവിൽ കുഴികൾ പഴയപടിതന്നെ. കിളിമാനൂർ ഡിപ്പോയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് സ്ഥലം എം.എൽ.എ കെ.എസ്.ആർ.ടി.സി സി എം.ഡിയുടെ സാനിധ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരി കൃഷ്ണന് ഉറപ്പു നൽകിയത്. എന്നാൽ നിലവിൽ ഒരുകുഴിപോലും നികത്തിയിട്ടില്ല. ഡിപ്പോയ്ക്ക് അകത്തേക്കുള്ള പ്രവേശനഭാഗം കുണ്ടും നിറഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മഴക്കാലനാകുമ്പോൾ ഈ കുഴികളിൽ വെള്ളം നിറയും.
സ്ഥലപരിമിതിയും
നിത്യേന ദീർഘദൂര സർവീസടക്കം നിരവധി ബസുകൾ കയറി ഇറങ്ങുന്ന ഇടമായിട്ടും പൊട്ടിപ്പൊളിഞ്ഞ യാർഡ് കണ്ടതായിപ്പോലും ആരും ഭാവിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ നവീകരണം നടത്തിയത്. പൊളിഞ്ഞിളകാത്ത ഒരിടം പോലും ഡിപ്പോയിലില്ല. ഫ്യൂവൽസ് ഔട്ട് ലെറ്റ് സ്ഥാപിച്ചതോടെ സ്റ്റേഷനകത്ത് സ്ഥല പരിമിതിയുമുണ്ട്.
ഡിപ്പോയുടെ യാർഡ് നവീകരിക്കാൻ ഒരു കോടി രൂപ അനുവദിച്ചിട്ട് വർഷത്തിലധികമായി.
ഡിപ്പോയുടെ പ്രവർത്തനം പരിമിതികളിലായിട്ട് വർഷങ്ങളായി. ഇതുസംബന്ധിച്ച് യാത്രക്കാരുടെ പരാതികൾ ഉയർന്നെങ്കിലും പരിഹരിക്കുന്നതിന് പകരം കൂടുതൽ അസൗകര്യങ്ങളിലേക്ക് അനുദിനം കൂപ്പുകുത്തുയാണ്.
പരാതികൾ ഏറെ
തകർന്ന യാർഡ് നവീകരിച്ച് നടു വൊടിയാതെ യാത്ര ചെയ്യാൻ സൗകര്യം കിട്ടണമെന്ന അടിസ്ഥാന ആവശ്യവും പരിഗണിക്കുന്നില്ലെന്നതാണ് യാത്രക്കാരുടെ പരാതി. ഡിപ്പോയുടെ പരിമിതികൾ സംബന്ധിച്ചും ,തകർന്ന റോഡ് നന്നാക്കാനാവശ്യപ്പെട്ടും, നിരവധി യാത്രക്കാരും, ജീവനക്കാരും പരാതി പറയുന്നുണ്ട്.