
തിരുവനന്തപുരം :സമ്മേളനങ്ങളിലൂടെ സംഘടനയുടെ പേരും പെരുമയും കൂട്ടാൻ തയ്യാറെടുക്കുന്നതിനിടെ നിലമ്പൂർ എം.എൽ.എ പി.വി.അൻവറിന്റെ ആരോപണങ്ങൾ സി.പിഎമ്മിന് വൻ പ്രഹരമായി. സമ്മേളനങ്ങളിൽ പാർട്ടിയെ ന്യായീകരിക്കാൻ നേതാക്കൾ നന്നേ ബുദ്ധിമുട്ടും.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മറ്റിയംഗവുമായ പി.ശശിക്കെതിരായ ആരോപണം പുറത്തുവന്നിട്ടും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ മുഖ്യമന്ത്രി പിണറായി വിജയനോ ശശിക്ക് പരസ്യ പിന്തുണ നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടി ന്യായീകരിച്ചെങ്കിലും പിന്നീട് അദ്ദേഹം ഉൾപ്പെടെ ആരും പ്രതികരിച്ചിട്ടില്ല.
മുതിർന്ന നേതാവും കേന്ദ്രകമ്മറ്റിയംഗവുമായ ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നു നീക്കിയത് ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തലിന്റെ പേരിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറി കുറ്റവാളികളുമായി ബന്ധപ്പെടുന്നുവെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിൽ പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ അഭിപ്രായം കേൾക്കാത്ത ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്ന് ഇക്കഴിഞ്ഞ സംസ്ഥാന സമിതിയിൽ വിമർശനമുയർന്നിരുന്നു.
പാർട്ടി സമ്മേളനത്തിന് മുന്നോടിയായി തിരുത്തൽ പ്രക്രിയയെന്ന നിലയിലാണ് ഇ.പി.ജയരാജനും പി.കെ.ശശിക്കുമെതിരെ അച്ചടക്കനടപടിയുണ്ടായത്. അൻവറിന്റെ ആരോപണത്തിൽ സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ, പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായ പി.ശശിക്കെതിരെ അന്വേഷണത്തിന് പാർട്ടിയും വഴി തുറന്നേക്കാം. പാർട്ടി സംസ്ഥാന സമ്മേളന പ്രതിനിധിയല്ലാത്ത പി.ശശിയെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയത്. ഇതു സി.പി.എമ്മിൽ അസാധാരണ നടപടിയായിരുന്നു.
യു.ഡി.എഫ് പല തവണ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന അൻവർ ഉന്നയിക്കുമ്പോൾ അതിന്റെ ഗൗരവം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ, മുൻ എം.എൽ.എ കാരാട്ട് റസാഖ് ശശിക്കെതിരെ രംഗത്തിറങ്ങിയപ്പോൾ മുൻ മന്ത്രി കെ.ടി ജലീൽ ഉദ്യോഗസ്ഥ രംഗത്തെ അഴിമതിനീക്കാൻ പ്രവർത്തിക്കുമെന്ന നിലപാടും വ്യക്തമാക്കിയിട്ടുണ്ട്.
'അന്വേഷണം സി.ബി.ഐയ്ക്ക് വിടണം, മുഖ്യമന്ത്രി രാജിവയ്ക്കണം'
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തു വന്നത്. കേരളം ഞെട്ടാൻ പോകുന്ന ഗുരുതര കുറ്റകൃത്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം നടത്തിയത്. ഭരണകക്ഷി എം.എൽ.എയായ പി.വി. അൻവറിന്റെ ആരോപണം പരിശോധിക്കുമെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞെങ്കിൽ അതിലെന്തോ ഉണ്ടെന്നല്ലേ അർത്ഥമെന്നും അദ്ദേഹം ചോദിച്ചു.
എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ സ്വർണക്കടത്ത് നടന്നെന്നും അതിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പിന്തുണച്ചെന്നുമാണ് ആരോപണം. സ്വർണക്കള്ളക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാൻ രണ്ട് കൊലപാതകം മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്തെന്നും വെളിപ്പെടുത്തലിലുണ്ട്. മുഖ്യമന്ത്രിക്ക് ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാനാകില്ല.
ഇപ്പോഴത്തെ അന്വേഷണം പുകമറ സൃഷ്ടിക്കാണ്. ആരോപണം തെറ്റാണെങ്കിൽ എം.എൽ.എയ്ക്കെതിരെ കേസെടുക്കണം. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതും ഇതേ എം.എൽ.എയെയായിരുന്നു. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടപ്പോൾ അതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. അജിത് കുമാറടക്കം സോളാർ കേസന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥരും ഒരേറിപ്പോർട്ടാണ് നൽകിയത്. സി.ബി.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസ് തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.