തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ രാവിലെ പ്രധാനറോഡുകളിലെല്ലാം ഗതാഗതക്കുരുക്കുണ്ടായത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.കവടിയാർ, പട്ടം, മണക്കാട്, കരമന,ചാക്ക എന്നിവിടങ്ങളിൽ നിന്ന് നഗരത്തിലേക്ക് എത്തുന്ന റോഡുകളാണ് രാവിലെ 9 മുതൽ 11 വരെ കുരുക്കിലമർന്നത്. ഇക്കാരണത്താൽ ഓഫീസുകളിലും സ്‌കൂളുകളിലും പോയവരെല്ലാം നന്നേ ബുദ്ധിമുട്ടി.എം.ജി റോഡിലെ ഗതാഗതക്കുരുക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ വരെ നീണ്ടു. ഒരു കിലോമീറ്റർ ദൂരം പിന്നിടാൻ ഏറെ സമയമെടുത്തു. രാവിലെ ചെറിയ മഴ കൂടി പെയ്തതോടെ ഭൂരിപക്ഷം പേരും കാറുകളുമായി റോഡിലിറങ്ങിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്‌ചയായതിനാൽ വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തിയവരുടെ എണ്ണവും കൂടുതലായിരുന്നു.വീതി കുറഞ്ഞ റോഡുകളിൽ വാഹനത്തിരക്കേറിയതും ഗതാഗതക്കുരുക്കിന് കാരണമായി. വെള്ളയമ്പലം - തൈക്കാട് റോഡിൽ നിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിൽ ഗതാഗത തടസമുണ്ടായത് ഇതിലേക്ക് വന്നെത്തുന്ന മറ്റു റോഡുകളിലും ട്രാഫിക്കിന് ഇടയാക്കി. ഇതോടെ പ്രധാന ട്രാഫിക് ഐലന്റുകളിൽ സിഗ്നൽ ലൈറ്റ് ഓഫ് ചെയ്തശേഷം ട്രാഫിക് നിയന്ത്രണം പൊലീസുകാർ ഏറ്റെടുത്തു. 11 മണിക്ക് ശേഷമാണ് കുരുക്കഴിഞ്ഞത്. അപ്രതീക്ഷിതമായുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വിവിധ സ്റ്റേഷനുകളിൽ നിന്നായി നിരവധി പൊലീസുകാർ റോഡുകളിൽ നിയന്ത്രണം ഏറ്റെടുത്തിരുന്നു.