തിരുവനന്തപുരം: മാലിന്യങ്ങൾ നീക്കുന്നതിനിടെ കരാർ തൊഴിലാളി വീണുമരിച്ച ആമയിഴഞ്ചാനിലെ റെയിൽവേ ടണൽ ശുചീകരിക്കാനുള്ള ടെൻഡർ ക്ഷണിച്ച് ജലസേചന വകുപ്പ്. ടണൽ വൃത്തിയാക്കാൻ റെയിൽവേ തയ്യാറാകാത്തതിനാൽ ഇറിഗേഷൻ വകുപ്പിന് 63 ലക്ഷം രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിരുന്നു. ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ടണൽ വൃത്തിയാക്കിയ കരാറുകാരനും ടെൻഡറിൽ പങ്കെടുക്കുന്നുണ്ട്. ടണൽ വൃത്തിയാക്കലിന് റെയിൽവേ തയ്യാറാവാത്തതോടെ സർക്കാർ ഇറിഗേഷൻ വകുപ്പിന് 63 ലക്ഷം രൂപയുടെ ഭരണാനുമതി നൽകുകയായിരുന്നു.തമ്പാനൂർ റെയിൽവേ സ്റ്റേഷന് അടിയിലൂടെയുള്ള 117 മീറ്റർ തുരങ്കം വൃത്തിയാക്കലാണ് ആദ്യം. ഇവിടെയുള്ള മണ്ണും ചെളിയും നീക്കും. ടണലിലെ മണ്ണ് മാറ്റി പരിചയമുള്ള കമ്പനികൾക്ക് ടെൻഡറിൽ മുൻഗണന നൽകിയിട്ടുണ്ട്.നൂതന മെഷീനുകൾ, തൊഴിലാളികൾക്കുള്ള സുരക്ഷാഉപകരണങ്ങൾ, വായുസഞ്ചാരത്തിനുള്ള മാർഗങ്ങൾ എന്നിവയ്‌ക്കും പ്രഥമ പരിഗണന നൽകും.
ഏപ്രിലിൽ നടന്ന റെയിൽവേ,മേജർ ഇറിഗേഷൻ,കോർപറേഷൻ എന്നിവരുടെ സംയുക്ത പരിശോധനയിൽ ടണലിൽ 1050 ഘനമീറ്ററോളം മണ്ണും ചെളിയും അടിഞ്ഞതായി കണ്ടെത്തിയിരുന്നു.റെയിൽവേയുടെ അധീനതയിലുള്ള 140 മീറ്റർ വൃത്തിയാക്കാൻ പലതവണ നഗരസഭ ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ല. ജൂലായിൽ 4.75 ലക്ഷത്തിന് റെയിൽവേ കരാർ നൽകിയെങ്കിലും ഈ പ്രവൃത്തിക്കിടെയാണ് ജോയി ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇതോടെ ജോലികൾ നിറുത്തുകയായിരുന്നു.