1

തിരുവനന്തപുരം: ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ആയിരുന്ന പ്രശസ്ത തബല വിദ്വാൻ കരമന ശ്രീദേവി നഗർ - A41 വൈശാഖിൽ യു. സുബ്രഹ്മണ്യൻ എന്ന കരമന മണി ( 78,)​ നിര്യാതനായി. ആകാശവാണിയിലെ നിരവധി ലളിതഗാനങ്ങൾക്കും, കെ. രാഘവൻ മാസ്റ്റർ, ജി. ദേവരാജൻ മാസ്റ്റർ, കെ പി ഉദയഭാനു, എം. ജി. രാധാകൃഷ്ണൻ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ, ജെറി അമൽദേവ് തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ സിനിമാഗാനങ്ങൾക്കും തബല വായിച്ചിട്ടുണ്ട്.

ചന്ദനമണി വാതിൽ, പൂവല്ല പൂന്തളിരല്ല, രജനി പറയൂ, പ്രണയവസന്തം, ഒരു ദലം മാത്രം, ഒരു തിര പിന്നെയും തിര, നീയെൻ കിനാവോ, വനമാലി നിൻ, തുടങ്ങിയ നിരവധി ചലച്ചിത്ര ഗാനങ്ങൾക്കും, എസ് രമേശൻ നായർ- ജയവിജയൻ കൂട്ടുകെട്ടിൽ ശ്രദ്ധേയമായ മയിൽപീലി ഉൾപ്പെടെ ആൽബം ഗാനങ്ങളും അടങ്ങിയതാണ് മണി തീർത്ത നാദപ്രപഞ്ചം. കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.സംസ്ഥാന പുരാവസ്തു വകുപ്പിലെ റിട്ടയേർഡ് ഉദ്യോഗസ്ഥയും ഗായികയുമായ സുഗന്ധി നായരാണ് ഭാര്യ. മകൻ വിശാഖ് എസ് ,​മകൾ സരിഗ എസ്. മരുമകൻ ബിജി തോമസ്.

മൃതദേഹം ഇന്ന് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.