
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ റോഡ് കൈയേറി മത്സ്യക്കച്ചവടം വ്യാപകമായതോടെ മാർക്കറ്റിലെ കച്ചവടക്കാർ ദുരിതത്തിൽ.വെഞ്ഞാറമൂട് പബ്ലിക് മാർക്കറ്റിലെ മത്സ്യക്കച്ചവടക്കാർക്കും മറ്റ് കച്ചവടക്കാർക്കും വ്യാപാരമൊന്നും നടക്കുന്നില്ലെന്നാണ് പരാതി.വെഞ്ഞാറമൂട് കവലയിലും പരിസരങ്ങളിലും പൊതുനിരത്തിലുമാണ് അനധികൃത മീൻകച്ചവടം പൊടിപൊടിക്കുന്നത്. സംസ്ഥാന റോഡിൽ തൈക്കാട് ബൈപ്പാസ് തുടങ്ങുന്നിടം മുതൽ മീൻ വില്പനക്കാർ റോഡുവക്കിൽ കച്ചവടത്തിനായി നിരക്കുകയാണ്.
നികുതി പിരിക്കുന്ന പഞ്ചായത്ത് കച്ചവടക്കാരുടെ ഏറെ നാളായുള്ള പരാതി ഗൗനിക്കുന്നില്ലെന്നാണ് പരാതി.രണ്ട് വർഷം മുൻപ് ഗതാഗതക്കുരുക്ക് അഴിക്കാൻ പൊലീസ് പൊതുനിരത്തിലെ മത്സ്യ വില്പന തടഞ്ഞെങ്കിലും പിന്നീട് വീണ്ടും ആരംഭിച്ചു.
എങ്ങും അനധികൃത കച്ചവടം
ആറ്റിങ്ങൽ റോഡിൽ വലിയകട്ടയ്ക്കാലിന് സമീപം വരെയും,കിഴക്കേ റോഡിലുമെല്ലാം ഇതുതന്നെയാണ് അവസ്ഥ. ആറ്റിങ്ങൽ റോഡിൽ സ്വകാര്യ ബസ് നിറുത്തുന്ന ഭാഗവും പരിസരവും അനധികൃത കച്ചവടക്കാർ കൈയടക്കി.ഇതിനെതിരെ പഞ്ചായത്ത് പോലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് മാർക്കറ്രിലെ വ്യാപാരികളുടെ പരാതി.
ദുർഗന്ധവും
റോഡുവക്കിൽ മീൻ കച്ചവടം നടത്തുന്നതിനാൽ പ്രദേശം മാലിന്യം കൊണ്ടുനിറയുകയും, ദുർഗന്ധവുമാണ്. ബേക്കറി, ഹോട്ടലുകാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.