
പള്ളിക്കൽ: മടവൂർ കശുഅണ്ടി ഫാക്ടറിയിൽ നിന്ന് പുക ഉയർന്നിട്ട് കാലങ്ങളേറെയായി.എഴുപത് വർഷങ്ങൾക്ക് മുൻപ് മടവൂർ ടൗണിൽ ആരംഭിച്ച ഫാക്ടറിയാണ് ഇപ്പോൾ പൂട്ടിക്കിടക്കുന്നത്.നാലരയേക്കർ ഭൂമിയിൽ അഞ്ച് കെട്ടിടങ്ങളും ഒരു സ്റ്റാഫ് റൂമും ഉൾപ്പെടെയുള്ള ഫാക്ടറി കെട്ടിടം ഇന്ന് ആളും ആരവവുമില്ലാതെ കാടുപിടിച്ച് കിടക്കുകയാണ്.
ഫാക്ടറി തുടങ്ങിയത് കൊല്ലത്തെ തങ്ങൾകുഞ്ഞു മുസലിയാരുടെ ഉടമസ്ഥതയിലാണ്. അക്കാലത്തെ മടവൂർ ഗ്രാമത്തിന്റെ പ്രധാന തൊഴിലിടമായിരുന്നു ഈ ഫാക്ടറി.നല്ല നിലയിൽ നടന്നിരുന്ന കമ്പനി ഒരിക്കൽ തൊഴിൽപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൂട്ടിക്കിടന്നപ്പോൾ അന്നത്തെ വ്യവസായ മന്ത്രി കെ.ആർ.ഗൗരിഅമ്മ താത്പര്യമെടുത്ത് കേരള കശുഅണ്ടി കോർപ്പറേഷൻ ഫാക്ടറിയുടെ നടത്തിപ്പ് ചുമതലയേറ്റെടുത്തിരുന്നു.
എന്നാൽ അനുകൂല കോടതി വിധി സമ്പാദിച്ച് അന്നത്തെ മാനേജ്മെന്റ് ഫാക്ടറി വില്പന നടത്തി.അതോടെ പിന്നെയും തൊഴിൽദിനങ്ങൾ കുറഞ്ഞുതുടങ്ങി. അടച്ചുപൂട്ടുമ്പോൾ ഞെക്കാടൻ കാഷ്യൂ ഫാക്ടറിയുടെ ഉടമസ്ഥതയിലായിരുന്നു. അവർ സെന്റ് മേരീസ് എന്ന കമ്പനിക്ക് വാടകയ്ക്ക് നൽകിയെങ്കിലും തൊഴിൽ തർക്കത്തെ തുടർന്ന് 2021ൽ പൂർണമായും അടച്ചുപൂട്ടി.
പൂട്ടാൻ കാരണം - തൊഴിൽ പ്രശ്നങ്ങൾ
ജീവനക്കാർ ദുരിതത്തിൽ
ഷെല്ലിംഗിന് കിലോയ്ക്ക് 32 രൂപ,പീലിംഗ് കിലോയ്ക്ക് 46 രൂപ,ഗ്രേഡിംഗിന് 285 (ദിവസകൂലി) എന്നിങ്ങനെയായിരുന്നു ഫാക്ടറി പ്രവർത്തനം നിലയ്ക്കുമ്പോഴുള്ള വേതന രീതി.നൂറുക്കണക്കിന് തൊഴിലാളികളുടെ ജീവിതമാർഗം അങ്ങനെ മൂന്ന് വർഷം മുൻപ് പൂർണമായും അടഞ്ഞു.തൊഴിലാളികൾ ഇന്ന് തൊഴിലുറപ്പ് ജോലിയുൾപ്പെടെ മറ്റുമേഖലകളിൽ ജോലി ചെയ്തുവരുന്നു.
ആവശ്യം ശക്തം
മടവൂരിലെ ആയിരത്തോളം ഗ്രാമീണരുടെ പ്രധാന തൊഴിലിടമായിരുന്നു മടവൂർ കശുഅണ്ടി ഫാക്ടറി.തൊഴിൽ പ്രശ്നങ്ങളാൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഫാക്ടറി പ്രവർത്തനം പുനഃരാരംഭിച്ച് തൊഴിലാളികൾക്ക് തൊഴിൽ നൽകണമെന്ന ആവശ്യം ശക്തമാണ്.