
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ പാർട്ടി പ്രതിനിധിയായ എ.കെ ശശീന്ദ്രനെ മാറ്റി കുട്ടനാട് എം.എൽ.എ തോമസ്.കെ.തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ചേർന്ന യോഗത്തിൽ ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും പാർട്ടി തീരുമാനത്തെ പിന്തുണച്ചു. വിഷയത്തിൽ ഇടഞ്ഞ് നിൽക്കുന്ന ശശീന്ദ്രനുമായി പാർട്ടി നേതാക്കളടങ്ങുന്ന സമിതി അനുനയ ചർച്ചകൾ നടത്തും.
പാർട്ടിയിൽ അങ്ങനെയൊരു ചർച്ചയില്ലെന്നും മന്ത്രിസ്ഥാനം ഒഴിയില്ലെന്നുമുള്ള ശശീന്ദ്രന്റെ പ്രതികരണവും, മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ നിയമസഭാംഗത്വം രാജി വയ്ക്കുമെന്ന ഭീഷണിയും സമ്മർദ്ദ തന്ത്രമായാണ് പാർട്ടി കാണുന്നത്. മന്ത്രി ശശീന്ദ്രൻ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയടക്കം ആഗ്രഹിക്കുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി നിയോഗിച്ച വൈസ് പ്രസിഡന്റുമാരായ സുരേഷ് ബാബു ലതിക സുഭാഷ്, പി.കെ രാജൻ സംഘടനാ സെക്രട്ടറി കെ.ആർ രാജൻ എന്നിവരടങ്ങുന്ന സമിതി ശശീന്ദ്രനുമായി ചർച്ച നടത്തും. തുടർന്ന് ശശീന്ദ്രൻ, തോമസ്.കെ.തോമസ്, പി.സി ചാക്കോ എന്നിവർ കൂടിയാലോചിച്ചാവും തീരുമാനം.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോയുമായി ഇടഞ്ഞ് നിൽക്കുയായിരുന്നു തോമസ്.കെ.തോമസ്. എന്നാൽ കുട്ടനാട്ടിലെ പ്രധാന നേതാവും പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായി റെജി ചെറിയാൻ ജോസഫ് ഗ്രൂപ്പിൽ ചേക്കേറിയതോടെ ഭിന്നതകൾ ചാക്കോയും തോമസും ചർച്ചകളിലൂടെ പരിഹരി ക്കുകയായിരുന്നു. . നാളെ എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരദ്പവാറുമായി നടക്കുന്ന കൂടിക്കാഴ്ച്ചയിൽ ഇക്കാര്യങ്ങൾ പി.സി ചാക്കോ വിശദീകരിക്കും.