
മുല്ലപ്പെരിയാറിലെ 128 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ സമഗ്ര പരിശോധന ആകാമെന്ന കേന്ദ്ര ജല കമ്മിഷന്റെ തീരുമാനം ഈ വിഷയത്തിൽ കേരളത്തിന്റെ ആശങ്കയും ഉത്കണ്ഠയും പങ്കുവയ്ക്കുന്നതാണ്. ഇത്തരമൊരു സുരക്ഷാ പരിശോധനയെ തമിഴ്‌നാട് ശക്തിയായി എതിർത്തുപോരുകയായിരുന്നു. ഡാം സുരക്ഷാ നിയമപ്രകാരം 2026-ലേ സുരക്ഷാ പരിശോധന ആവശ്യമായി വരുന്നുള്ളൂ എന്ന തമിഴ്‌നാടിന്റെ നിലപാട് തള്ളിക്കളഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കേന്ദ്ര ജല കമ്മിഷൻ യോഗം തീരുമാനമെടുത്തത്. സുരക്ഷാ പരിശോധന പന്ത്രണ്ടു മാസംകൊണ്ട് പൂർത്തിയാക്കണം. 2011-ലാണ് ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ വിദഗ്ദ്ധസംഘം സുരക്ഷാ പരിശോധന നടത്തിയത്. അതിനുശേഷം പേമാരിയും പ്രളയ സമാനമായ സാഹചര്യവും പലതവണ ഉണ്ടായെങ്കിലും തമിഴ്‌നാടിന്റെ പിടിവാശി കാരണം പിന്നീട് ഒന്നും നടന്നില്ല.
ഇതിനിടെ 2022-ൽ സുപ്രീംകോടതി മുല്ലപ്പെരിയാർ മേൽനോട്ട സമിതി പുനഃസംഘടിപ്പിച്ചിരുന്നു. അണക്കെട്ടിൽ സമഗ്ര പരിശോധനയ്ക്ക് കോടതി നിർദ്ദേശവും പുറപ്പെടുവിച്ചു. എന്നാൽ നിർദ്ദേശം പാലിക്കാൻ വിസമ്മതിച്ച് തമിഴ്‌നാട് ഒഴിഞ്ഞുനിൽക്കുകയായിരുന്നു. കോടതിയലക്ഷ്യ ഭീഷണി കൂടി കണക്കിലെടുത്താണ് ഇപ്പോൾ തമിഴ്‌നാട് സുരക്ഷാ പരിശോധനയ്ക്ക് ഗത്യന്തരമില്ലാതെ സമ്മതം മൂളിയത്. ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഉയർത്തുന്ന സുരക്ഷാഭീഷണി വർഷങ്ങളായി കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ്. പഴയ അണക്കെട്ടിനു പകരം പുതിയ അണക്കെട്ടു നിർമ്മിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാട് നിരാകരിച്ച സാഹചര്യത്തിൽ പ്രശ്ന പരിഹാരം കീറാമുട്ടിയായി തുടരുന്നതിനിടയിലാണ് കേരളത്തിന് നേരിയ പ്രതീക്ഷ നൽകി കേന്ദ്ര ജലകമ്മിഷന്റെ തീരുമാനം വന്നിരിക്കുന്നത്.
പുതിയ അണക്കെട്ടിനായുള്ള വാദങ്ങൾ കൃത്യതയോടെ അവതരിപ്പിച്ചു ബോദ്ധ്യപ്പെടുത്താൻ നമുക്കു കഴിഞ്ഞാലേ അനുകൂല തീരുമാനം ഉണ്ടാകാനിടയുള്ളൂ എന്നത് വസ്‌തുതയാണ്. അതിനാവശ്യമായ ശാസ്ത്രീയവും സാങ്കേതികവുമായ വിവരശേഖരണം നടത്തേണ്ടതുണ്ട്. തമിഴ്നാടിന്റെ വാദമുഖങ്ങൾ ഖണ്ഡിക്കാനാവശ്യമായ സ്ഥിതിവിവരങ്ങളുടെ കരുത്തിലാകണം നമ്മുടെ ഭാഗം മുന്നോട്ടുവയ്ക്കാൻ. ഗൗരവപൂർവം പ്രശ്നത്തെ സമീപിക്കുന്നതിൽ മുൻകാലങ്ങളിൽ സംഭവിച്ച വീഴ്ചകളാണ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ തമിഴ്‌നാടിനു മേൽക്കൈ നേടാൻ സഹായകമായതെന്ന കാര്യം വിസ്മരിച്ചുകൂടാ. പഴയ അമളി ആവർത്തിക്കാൻ ഇടയാക്കരുത്. മുല്ലപ്പെരിയാർ പ്രശ്നം തമിഴ്‌നാട് വൈകാരികമായാണ് കാണുന്നത്. അതിലുപരി തമിഴ്‌നാട് രാഷ്ട്രീയവുമായും അത് കെട്ടുപിണഞ്ഞു കിടക്കുകയാണ്. സുപ്രീംകോടതിയിൽ വർഷങ്ങളായി മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ്നാടിന്റെ സാമർത്ഥ്യം കാരണം അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ മേൽകോടതി അനുവാദം നൽകിയതും കേരളത്തിനു വലിയ തിരിച്ചടിയായിട്ടുണ്ട്.
പുതിയ സുരക്ഷാ പരിശോധനയിൽ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ കേരളത്തിന്റെ വാദങ്ങളെ തുണയ്ക്കുന്നതാകും അത്. പുതിയ അണക്കെട്ട് എന്ന സാദ്ധ്യത സജീവമാക്കാനും അതു സഹായിക്കും. പുതിയ അണക്കെട്ടിനുള്ള ചെലവ് പൂർണമായും വഹിച്ചുകൊള്ളാമെന്ന് കേരളം പലതവണ തമിഴ്‌നാടിനെ അറിയിച്ചിട്ടുള്ളതാണ്. മുല്ലപ്പെരിയാറിൽ നിന്ന് ഇപ്പോൾ തമിഴ്‌നാടിനു ലഭിക്കുന്ന ജലത്തെക്കാൾ അധികം ഭാവിയിലും നൽകിക്കൊള്ളാമെന്ന കരാർ ഒപ്പുവയ്ക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. എന്നാൽ ഒരു ഉപാധിക്കും വഴങ്ങാതെ വിതണ്ഡതാ വാദവുമായി നിൽക്കുകയാണ് അവർ. കൂടക്കൂടെ ഉണ്ടാകുന്ന അതിവൃഷ്ടിയും ഭൂകമ്പ ഭീഷണിയുമെല്ലാം മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. വയനാട്ടിലുണ്ടായതു പോലുള്ള ഉരുൾപൊട്ടലുകളാണ് മറ്റൊരു ഭീതി. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ മനുഷ്യരെയാകും അതു ബാധിക്കുക. അണക്കെട്ടിന്റെ സുരക്ഷിതത്വം നൂറു ശതമാനവും ഉറപ്പുനൽകാൻ ലോകത്തെ ഒരു വിദഗ്ദ്ധ സമിതിക്കുമാവില്ല എന്ന യാഥാർത്ഥ്യം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.