nahas

വക്കം: ഹരിത കർമ്മസേനാ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയായി മണമ്പൂർ പഞ്ചായത്ത്. അജൈവ മാലിന്യശേഖരണത്തിൽ ഒന്നാം സ്ഥാനത്തെത്തിയാണ് പഞ്ചായത്ത് സമ്പൂർണ നേട്ടം കൈവരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, വൈസ് പ്രസിഡന്റ് ലിസി.വി.തമ്പി, സെക്രട്ടറി സന്തോഷ്കുമാർ ജെ.എസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു.വി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, ഹരിത കർമ്മസേനാ പ്രസിഡന്റ് ശാലിനി, സെക്രട്ടറി സരിത തുടങ്ങി മുപ്പതോളം സേനാംഗങ്ങളുടെ ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ നേട്ടം. 'മാലിന്യമുക്തം നവകേരളം" ജനകീയ കാമ്പെയിനിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ മണമ്പൂർ പഞ്ചായത്തിലെ നൂറ്ശതമാനം വാതിൽപ്പടി സേവനം പ്രയോജനപ്പെടുത്തി ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രവർത്തനം വേഗത്തിലാക്കി. ആഗസ്റ്റ് മാസത്തെ ഹരിതകർമ്മ പ്രവർത്തനങ്ങളിലൂടെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ചാണ് ഒന്നാം സ്ഥാനത്തെത്തിയത്. മേഖലയിൽ തുടർച്ചയായി നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ ക്യാമ്പുകളിൽ സഹകരിക്കാത്ത വ്യക്തികളേയും സ്ഥാപന ഉടമകളേയും പഞ്ചായത്ത് അധികൃതർ സന്ദർശിച്ച് ബോധവത്കരണം നടത്തി. ഓരോ മാസവും അഞ്ച് റിവ്യു കമ്മിറ്റികൾ നടത്തുന്നുണ്ട്. പ്രധാനയിടങ്ങളിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കാനായി അഞ്ച് ബോട്ടിൽ ബൂത്തുകൾ പൊതുയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. തുമ്പൂർമൊഴി മാലിന്യ സംസ്കരണ മാതൃക മണമ്പൂർ പഞ്ചായത്തിലെ കവലയൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രായോഗികമാക്കിയിട്ടുണ്ട്.

പ്രവർത്തനം

മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി വീടുകളിൽ സോക്ക്പിറ്റ്, കസോസ്റ്റ് ഫിറ്റ് എന്നിവ പ്രോത്സാഹിപ്പിച്ച് വരുന്നു. കൂടാതെ ബയോബിന്നുകളും നൽകുന്നുണ്ട്. വീടുകളിൽ നിന്ന് 50 രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയും യൂസർഫീ വാങ്ങിയാണ് പ്രവർത്തനം. ശേഖരിക്കുന്ന തുക ഹരിതകർമ്മ സേനാ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ കൺസോർഷ്യം അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. ഓരോ മാസവും ശേഖരിക്കുന്ന തുകയുടെ പത്ത് ശതമാനം മാത്രം ബാങ്കിൽ നിലനിർത്തി തൊണ്ണൂറ് ശതമാനവും ഇവരുടെ ശമ്പളമായി അക്കൗണ്ടിൽ ക്രെഡിറ്റാകും.

സൗകര്യങ്ങളൊരുക്കി

മുപ്പതോളം വരുന്ന സേനാംഗങ്ങൾ ഒരു കെയർടേക്കറുടെ കീഴിലാണ് പ്രവർത്തിച്ച് വരുന്നത്. വാഹനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സേനാംഗങ്ങൾക്ക് മുപ്പത് മൊബൈൽ ഫോണുകളും കാഴ്ചപരിമിതിയുള്ളവർക്ക് പരിശോധനയിലൂടെ കണ്ണടയും നൽകിയിട്ടുണ്ട്. നാലായിരം സ്ക്വയർ ഫീറ്റിൽ ഓഫീസ് പ്രവർത്തനമുൾപ്പെടെ വരുന്ന പണി പൂർത്തീകരിച്ച എം.സി.എഫ് മാലിന്യശേഖരണ കേന്ദ്രം അടുത്ത മാസത്തോടെ ഉദ്ഘാടനം ചെയ്യും.