
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിൽ രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ബ്ളാക് ആൻഡ് വൈറ്റിൽ കട്ട ആറ്റിറ്റ്യൂഡിൽ പോസ് ചെയ്യുന്ന രജനികാന്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൂലിയിൽ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്തായിരിക്കും എന്ന് ആരാധകർക്കിടയിലെ ചൂടൻ ചർച്ച ഉണ്ടായിരുന്നു. ലോകേഷ് കനകരാജിന്റെ പ്രിയപ്പെട്ട രജനികാന്ത് ചിത്രമാണ് ദളപതി. ഇൗ ചിത്രത്തിൽ ദേവ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് അവതരിപ്പിച്ചത്.നാഗാർജുന, സത്യരാജ്, ശ്രുതിഹാസൻ, ഉപേന്ദ്ര തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന പീരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി.
വിശാഖപട്ടണത്ത് കൂലിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് നിർമ്മാണം.