
ഇന്ദ്രജിത്ത് ബോളിവുഡിൽ. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് ബി ടൗണിൽ എത്തുന്നത്. മുംബയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ തന്റെ രംഗങ്ങൾ ഇന്ദ്രജിത്ത് പൂർത്തിയാക്കി. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ പ്രധാന വേഷത്തിൽ തന്നെയാകും ഇന്ദ്രജിത്ത് എത്തുക.
ബോബി ഡിയോൾ, സന്യ മൽഹോത്ര, രാജ് ബി. ഷെട്ടി, ജോജു ജോർജ്, സബ ആസാദ് എന്നിവർ ഭാഗമാകുന്ന അനുരാഗ് ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് ബോളിവുഡിൽഎത്തുന്നത് എന്നാണ് വിവരം.
ജോജു ജോർജിന്റെയും രാജ് ബി. ഷെട്ടിയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്.
ഗ്യാങ്സ് ഒഫ് വാസിപൂർ, അഗ്ളി, രാമൻ രാഘവ് 2.0 തുടങ്ങിയ കൾട്ട് ക്രൈം ചിത്രം പോലെയാണ് പുതിയ ചിത്രം അനുരാഗ് കശ്യപ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.
അഭിഷേക് ബാനർജി, സുദീപ് ശർമ്മ എന്നിവർ ചേർന്നാണ് തിരക്കഥ. നിഖിൽ ദ്വിവേദിയാണ് നിർമ്മാണം. അതേസമയം ദീപു കരുണാകരൻ സംവിധാനം ചെ്യുന്ന മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലറാണ് റിലീസിന് ഒരുങ്ങുന്ന ഇന്ദ്രജിത്ത് ചിത്രം. അനശ്വര രാജനാണ് നായിക. ഇവർ ആദ്യമായി ഒരുമിച്ചഭിനയിച്ച ചിത്രം റൊമാന്റിക് കോമഡി ആയാണ് ഒരുങ്ങുന്നത്.