
പാറശാല: പുനരുദ്ധാരണത്തിന്റെ പേരിൽ നടക്കുന്ന അശാസ്ത്രീയമായ ഓട നിർമ്മാണം നാട്ടുകാരുടെ യാത്രാദുരിതം ഇരട്ടിയാക്കുന്നതായി പരാതി. പാറശാല ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന കൊല്ലങ്കോട് ഭാഗത്തേക്കുള്ള തീരദേശ റോഡിന്റെ അര കിലോമീറ്ററോളം വരുന്ന ഭാഗത്തെ തകർന്ന റോഡിന്റെ പുനരുദ്ധാരണവും ഇരുവശങ്ങളിലുമുള്ള ഓടയുടെയും റോഡിന് കുറുകെയുള്ള കലുങ്ക് നിർമ്മാണവുമാണ് വാഹന യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. ഒന്നരവർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് ടാർചെയ്ത റോഡ് മാസങ്ങൾക്കുള്ളിൽത്തന്നെ തകർന്നു. ഇതോടെ നിലവാരമില്ലാത്ത ടാറിംഗാണ് നടന്നതെന്നും നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും പരാതികൾ ഉയർന്നു. നാളുകൾ കഴിയുന്തോറും റോഡ് കൂടുതൽ അപകടകരമായി മാറി.
അപകടങ്ങൾ പതിവ്
അപകടങ്ങൾ തുടർന്നതോടെ പലതവണ ടാർചെയ്തെങ്കിലും അവയൊന്നും പരിഹാരമായില്ല. റോഡിൽ നിറയെ വെള്ളക്കെട്ടുകളും അഴുക്കുചാലുകളും പതിവായി. സ്ഥായിയായ റോഡ് പുനരുദ്ധാരണത്തിന്റെ പേരിൽ ഇപ്പോൾ ഇരുവശത്തും ഓടകൾ നിർമ്മിച്ച ശേഷം കുഴികളിൽ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ തുടങ്ങി. എന്നാൽ റോഡിന് ഇരുവശത്തുമായുള്ള ഓട ഒരു വശത്തേക്കാക്കി മാറ്റുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ നിർമ്മിക്കുന്ന കലുങ്ക് നാട്ടുകാർക്കും വാഹന യാത്രക്കാർക്കും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.
അശാസ്ത്രീയ നിർമ്മാണം
റോഡിന് കുറുകെ പുതുതായി നിർമ്മിക്കുന്ന കലുങ്കിന് വേണ്ടത്ര താഴ്ചയില്ലാത്തതുകാരണം നിർമ്മാണം പൂർത്തിയാകുമ്പോൾ റോഡിനേക്കാൾ ഒരടിയോളം പൊക്കത്തിലാകുമെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന് സമാന്തരമായി ഓടനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ പൊതുവായ ആവശ്യം.
നാട്ടുകാരെ വട്ടംകറക്കി റോഡുപണി
പാറശാല- കൊല്ലങ്കോട് റോഡിലെ ആശുപത്രി ജംഗ്ഷൻ മുതൽ പാറശാല ശ്രീമഹാദേവർ ക്ഷേത്രം വരെയുള്ള ഭാഗത്തെ ഓടകളുടെയും റോഡിന് കുറുകെയുള്ള കലുങ്കിന്റെയും നിർമ്മാണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 18 വരെ 20 ദിവസത്തോളം റോഡ് ഗതാഗതം തടസപ്പെടുമെന്നാണ് നേരത്തെ പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ റോഡുപണി ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും നിർമ്മാണം പകുതിപോലും പൂർത്തിയായിട്ടില്ല.