കോവളം: തിരുവല്ലം ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന ജില്ലയിലെ കേരള രജിസ്ട്രേഷനുള്ള ഹെവി വാഹനങ്ങൾക്ക് 50 ശതമാനം ഇളവ് നൽകാൻ തീരുമാനമായി. ഇന്നലെ സബ് കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുവാഹനങ്ങൾക്ക് ട്രിപ്പ് പാസ് നൽകി ഇളവ് അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ടോൾ നിരക്ക് കൂടുതലായതിനാൽ ചരക്ക് ഹെവി വാഹനങ്ങൾ തിരുവല്ലം-പാച്ചല്ലൂർ-പാറവിള റോഡിലൂടെയാണ് പോയിരുന്നത്. ഈ റോഡിൽ അപകടം പതിവായതിനെ തുടർന്ന് ടോറസ് ലോറികളുടെ യാത്ര നിയന്ത്രിക്കുന്നതിന് മന്ത്രി വി.ശിവൻകുട്ടിക്ക് നാട്ടുകാർ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം യോഗം വിളിക്കുകയായിരുന്നു.

വാഴമുട്ടം-പാച്ചല്ലൂർ-തിരുവല്ലം വഴി പോകുന്ന ചരക്ക് വാഹനങ്ങളെ നിയന്ത്രിക്കുന്നതിന് പൊലീസിന് നിർദ്ദേശം നൽകാനും തീരുമാനിച്ചു. ഇനിമുതൽ ഈ റോഡിലൂടെ പോകുന്ന ചരക്ക് ഹെവി വാഹനങ്ങളെ പൊലീസ് ഉദ്യോഗസ്ഥർ എൻ.എച്ച് വഴി കടത്തിവിടും. യോഗത്തിൽ നഗരസഭാ കൗൺസിലർമാരായ പനത്തുറ പി.ബൈജു,ഡി.ശിവൻകുട്ടി,വി.സത്യവതി തുടങ്ങിയവരും എൻ.എച്ച്.എ,ടോൾ മാനേജ്മെന്റ് പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.