pv

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പി.വി. അൻവർ മെരുങ്ങിയതോടെ രാഷ്ട്രീയ അന്തർനാടകങ്ങൾക്ക് താത്കാലിക വിരാമം. എങ്കിലും ഉന്നയിക്കപ്പെട്ട വിഷയങ്ങൾ സി.പി.എമ്മിൽ അലയൊലികൾ സൃഷ്ടിച്ചേക്കും. പ്രത്യേകിച്ചും പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയിരിക്കെ.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിലനിൽക്കുന്ന ഉദ്യോഗസ്ഥ - രാഷ്ട്രീയ അവിശുദ്ധ ബന്ധം പുറത്തുകൊണ്ടുവരികയെന്ന ലക്ഷ്യമാണ് അൻവറിലൂടെ നിർവഹിക്കപ്പെട്ടത്. ഇത് കൂടുതൽ വഷളാകാതിരിക്കാനുള്ള ഇടപെടലാണ്‌ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി നടത്തിയത്.

തൃശൂർ പൂര വിവാദമടക്കം എൽ.ഡി.എഫ് ഘടകകക്ഷികളും പ്രതിപക്ഷവും ഏറ്റെടുത്തുകഴിഞ്ഞു. തുടർ രാഷ്ട്രീയസംവാദങ്ങളിൽ സി.പി.എമ്മിന് മറുപടി പറയേണ്ടി വരും. തിരുത്തലിന്റെ ഭാഗമായി ഇ.പി. ജയരാജനെതിരെ നടപടിയെടുത്ത സി.പി.എം നേതൃത്വം മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ആരോപണം എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കാത്തിരുന്നുകാണേണ്ടതാണ്. ഗുരുതര ആരോപണങ്ങളിൽ അകപ്പെട്ട എ.ഡി.ജി.പി അന്വേഷണം നടക്കെ തത്‌സ്ഥാനത്ത് തുടരുന്നതിൽ പാർട്ടി നിലപാടും ചർച്ചയാവും.