
സ്വർണക്കള്ളക്കടത്തുകാരെയും ക്രിമിനൽ മാഫിയകളെയും പിടിക്കേണ്ട പൊലീസ് അവരോടൊപ്പം ഒത്തുകളിച്ചാലോ? പൊലീസിലെ ഉന്നതരടക്കം പങ്കാളികളാകുന്ന കുറ്റകൃത്യങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പരമ്പര ഇന്നുമുതൽ...'ക്രിമിനൽ തൊപ്പി'
---------------------------------------------------------------------------------------------
ആരോപണങ്ങളുടെ ശരശയ്യയിലാണ് പൊലീസ് നേതൃത്വം. സ്വർണക്കടത്തുകാരിൽ നിന്ന് സ്വർണം തട്ടിയെടുക്കൽ, ആളെക്കൊല്ലിക്കൽ, മന്ത്രിമാരുടെയടക്കം ഫോൺചോർത്തൽ, വമ്പൻ അഴിമതികൾ, ദുരൂഹമായ തിരോധാനങ്ങൾ, ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന അധോലോകം... ഭരണപക്ഷ എം.എൽ.എയായ പി.വി.അൻവറിന്റെ ആരോപണശരങ്ങളിൽ വിളറി നിൽക്കുകയാണ് ഐ.പി.എസ് നക്ഷത്രങ്ങൾ. അറുപതിനായിരം പേരുള്ള പൊലീസ് സേനയുടെ അന്തസ് കളയുകയാണ്, പാലിലെ വിഷത്തുള്ളികളെപ്പോലെ, കളങ്കിതരായ ഉദ്യോഗസ്ഥർ. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്തുവന്നതെന്നിരിക്കെ, വഴിവിട്ട് സഞ്ചരിക്കുന്നവരുടെ നിയമപാലനം കേരളത്തിന് അപകടകരമാണെന്നതിൽ തർക്കമില്ല. പുഴുക്കുത്തുകളെ ഒഴിവാക്കിയാലേ പൊലീസിന് അഭിമാനത്തിന്റെ തൊപ്പിയണിയാനാവൂ.
കൊള്ളരുതായ്മകൾ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴാണ്, പൊലീസ് തലപ്പത്തുള്ളവരുടെ ദുഷ്‌ചെയ്തികൾ സ്വന്തം പാളയത്തിൽ നിന്ന് പുറത്തുവന്നത്. കസ്റ്റംസുമായി ഒത്തുകളിച്ച് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ പൊലീസ് നടത്തിയ ഇടപെടലുകളാണ് ഇതിൽ ഏറെ ദുരൂഹം. സ്വർണക്കടത്തിന്റെ താവളമായ കരിപ്പൂരിൽ പ്രത്യേക പരിശോധനാ സംവിധാനം നിലവിൽവന്ന് രണ്ടുവർഷത്തിനകം 18 കോടിയിലേറെ വിലവരുന്ന സ്വർണം പൊലീസ് പിടികൂടിയിട്ടുണ്ട്. പിടിക്കുന്നതിന്റെ പകുതി മാത്രമാണ് രേഖയിലാക്കുന്നതെന്നും ബാക്കി സ്വർണം പൊലീസിലെ ഉന്നതർ വീതിച്ചെടുക്കുകയാണെന്നുമുള്ള വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്. സ്വർണക്കടത്തിന് കസ്റ്റംസ് ഒത്താശയുണ്ടെന്നത് പുതിയകാര്യമല്ല. എന്നാൽ, പൊലീസിന് വിവരം കൈമാറി വിമാനത്താവളത്തിന് പുറത്തെ സ്വർണവേട്ടയിലൂടെ അവരും കടത്തുസ്വർണം അടിച്ചെടുക്കുന്നെന്ന വെളിപ്പെടുത്തൽ ആദ്യം. പിടികൂടുന്നതിന്റെ പലമടങ്ങ് സുരക്ഷിതമായി പുറത്തേക്ക് പോകുന്നു.
കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന 'സ്വർണം പൊട്ടിക്കൽ' നടത്തുന്നത് സ്വർണമാഫിയയായിരുന്നു. ഇതിന്റെ ഭാഗമായ കൊലകളും തട്ടിക്കൊണ്ടുപോകലും അപകടപരമ്പരയും മലബാറിൽ പലപ്പോഴും സംഭവിക്കുന്നുണ്ട്. ഇതിലെല്ലാം പൊലീസിനും കൈയ്യുണ്ടെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.
പഴയ ക്രിമിനൽ നിയമപ്രകാരം സ്വർണക്കടത്ത് വെറും സാമ്പത്തിക കുറ്റകൃത്യമായിരുന്നെങ്കിൽ, ഭാരതീയ ന്യായസംഹിതയിൽ ജാമ്യമില്ലാ കുറ്റമായ സംഘടിത കുറ്റകൃത്യമാണ്. ഈ സ്വർണമാണ് പൊലീസ് ഒത്താശയോടെ 'തട്ടിയെടുക്കുന്നത് ' എന്നാണ് ആരോപണം.
ഒരുവർഷമായി കാണാതായ കോഴിക്കോട്ടെ 'മാമി' എന്ന ബിസിനസുകാരൻ, വെടിയേറ്റു മരിച്ച എടവണ്ണയിലെ റിദാൻബാസിൽ, പേരറിയാത്ത സ്വർണ കാരിയർമാർ... ദുരൂഹതകളുടെ ചുരുളുകൾ ഇനിവേണം അഴിയാൻ.
2500 കിലോ
സ്വർണം:
5 വർഷത്തിനിടെ
സംസ്ഥാനത്തെ വിമാന
താവളങ്ങളിലൂടെ കടത്തിയത്
756 കിലോ
സ്വർണം:
2022ൽ മാത്രം
പിടികൂടിയത്
കൊലയ്ക്ക് പിന്നിലും
സ്വർണക്കടത്ത്
1.എടവണ്ണയിലെ റിദാൻ ബാസിലിന്റെ കൊലയ്ക്ക് പിന്നിൽ സ്വർണക്കടത്താണെന്നാണ് ആരോപണം. സുഹൃത്ത് ഷാൻ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയായ ഷാൻ ജാമ്യത്തിലിറങ്ങുമ്പോൾ 40 ലക്ഷം രൂപ നൽകുമെന്നും അതുവാങ്ങി ഒത്തുതീർപ്പുണ്ടാക്കണമെന്നും എസ്.പി സുജിത്ദാസ് നിർദ്ദേശിച്ചെന്ന് കുടുംബം ആരോപിക്കുന്നു.
2. റിദാന്റെ ഭാര്യയെ മോശക്കാരിയാക്കാൻ പൊലീസ് ശ്രമിച്ചെന്നും ക്രൂരമായി മർദ്ദിച്ചെന്നും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്. റിദാന്റെ രണ്ട് ഫോണുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. പൊലീസ് കുടുക്കിയതാണെന്ന് റിദാൻ പറഞ്ഞതായും മൊഴികളുണ്ട്.
(നാളെ: കൊള്ളക്കാർക്ക് സല്യൂട്ടടിച്ച് പൊലീസ് )