
തിരുവനന്തപുരം: കെട്ടിട സമുച്ചയങ്ങളിലെ ഓരോ ഫ്ളാറ്റുടമയ്ക്കും പ്രത്യേകം തണ്ടപ്പേർ അനുവദിക്കാനുള്ള ചട്ടഭേദഗതി വരും. ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വൈകാതെ റവന്യൂവകുപ്പ് ഉത്തരവിറക്കും.
ഒരു കെട്ടിട സമുച്ചയത്തിലെ ഓരോ ഫ്ളാറ്റിനും വെവ്വേറെ തണ്ടപ്പേരിൽ പോക്കുവരവ് നടത്താൻ ഇപ്പോൾ വ്യവസ്ഥയില്ല. കെട്ടിട ഉടമയുടെയോ റസിഡൻസ് അസോസിയേഷൻ ഭാരവാഹിയുടെയോ പേരിൽ ഒരു തണ്ടപ്പേരിലാണ് എല്ലാ ഫ്ളാറ്റും രജിസ്റ്റർ ചെയ്യുന്നത്. അതിനാൽ ഒറ്ര രസീതിലാണ് കരമൊടുക്കുക. 50 ഫ്ളാറ്റുള്ള ഒരു സമുച്ചയം പോക്കുവരവ് ചെയ്യുമ്പോൾ കെട്ടിട ഉടമയുടെയോ റസിഡൻസ് അസോസിയേഷൻ ഭാരവാഹിയുടെയോ പേരിനൊപ്പം മുതൽപേർ എന്ന് രേഖപ്പെടുത്തിയാണ് ഫ്ളാറ്റുകളുടെ രജിസ്ട്രേഷൻ നടത്തുക. ഓരോ ഫ്ളാറ്റുടമയ്ക്കും കെട്ടിടം ഈടുവയ്ക്കേണ്ടി വരുമ്പോഴോ, കൈമാറ്റം ചെയ്യേണ്ടി വരുമ്പോഴോ ഒരേ രസീതിൻ പ്രകാരമായിരിക്കും തുടർ നടപടികൾ. ഈ പ്രതിസന്ധിക്കാണ് ചട്ടഭേദഗതിയിലൂടെ പരിഹാരമാവുക.
സ്ഥലത്തിന് മാത്രമാണ് തണ്ടപ്പേരുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോക്കുവരവ് ചെയ്ത് കരം ഒടുക്കുന്നത്. കെട്ടിടത്തിന്റെ നികുതി അടയ്ക്കേണ്ടത് തദ്ദേശ സ്ഥാപനത്തിലാണ്.
ഉദാഹരണത്തിന് 20 സെന്റ് സ്ഥലത്ത് അഞ്ചുനില ഫ്ളാറ്റ് പണിയുമ്പോൾ, സ്ഥലം മാത്രമാണ് വില്ലേജ് ഓഫീസിലെ തണ്ടപ്പേർ രജിസ്റ്ററിൽ രേഖപ്പെടുത്തുക. അഞ്ചു നിലകളിലെയും ഫ്ളാറ്റ് ഉടമകൾക്ക് ഈ സ്ഥലത്തിൽ തുല്യാവകാശമുണ്ട്. മുകൾ നിലകളിലുള്ളവർക്ക് യഥാർത്ഥത്തിൽ ഭൂമിയില്ല. ഭൂമി സംബന്ധമായ അധികാരം റവന്യൂവകുപ്പിനും കെട്ടിടത്തിന്റെ അധികാരം തദ്ദേശ വകുപ്പിനുമാണ്. കെട്ടിട സമുച്ചയം നിൽക്കുന്ന ആകെ സ്ഥലത്തെ, അതിൽ നിർമ്മിക്കുന്ന ഫ്ളാറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ച് ഭൂ വിസ്തൃതി നിശ്ചയിച്ചാവും പ്രത്യേക തണ്ടപ്പേർ അനുവദിക്കുക.
തണ്ടപ്പേർ രജിസ്റ്രർ
വസ്തു സംബന്ധമായി വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുന്ന ആധികാരിക രേഖയാണ് തണ്ടപ്പേർ രജിസ്റ്രർ. ഓരോ വ്യക്തിയുടെയും പേരിലുള്ള വസ്തു ഈ രജിസ്റ്ററിൽ നമ്പരിട്ടാണ് രേഖപ്പെടുത്തുന്നത്. ഒരാൾ സ്ഥലം കൈമാറ്റം ചെയ്യുമ്പോൾ, വാങ്ങുന്നയാൾക്ക് പുതിയ തണ്ടപ്പേർ (നമ്പർ) ലഭ്യമാവും. ആദ്യ ഉടമയുടെ പേരിൽ രേഖപ്പെടുത്തിയ നമ്പർ അതോടെ ഇല്ലാതാവും.